June 8, 2026

വയനാട് ഫണ്ടിൽ നിന്നും തലസ്ഥാനത്തേക്ക് ലാപ്ടോപ്; ദുരന്തനിവാരണ വകുപ്പിലെ വകമാറ്റൽ രേഖകൾ പുറത്ത് 

0
IMG_20260608_094103
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ദുരന്തനിവാരണ വകുപ്പിന്റെ മുൻകരുതൽ ശേഷി വികസന ഫണ്ടിൽ (എസ് ഡി ആർ എഫ് ) നിന്നും മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ച് സെക്രട്ടേറിയേറ്റിലെ ഓഫീസിലേക്ക് ലാപ്ടോപ്പുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങിയതായി രേഖകൾ പുറത്ത്. ദുരന്തമേഖലയിലെ ജനങ്ങൾക്ക് ഭാവിയിൽ കൃത്യമായ മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും, പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ എന്നിവർക്കും പ്രാദേശിക ജനങ്ങൾക്കും അടിയന്തര പരിശീലനം നൽകുന്നതിനും ഉപയോഗിക്കേണ്ട തുകയാണ് ഇത്തരത്തിൽ വകമാറ്റിയത്. ഈ ഫണ്ട് ദുരന്തനിവാരണ വകുപ്പിന്റെ ചെലവുകൾക്കോ, ഓഫീസ് ആവശ്യങ്ങൾക്കോ, ജീവനക്കാരുടെ ശമ്പളമായോ ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് എൽ.ഡി.എഫ് ഭരണകാലത്ത്, ചീഫ് സെക്രട്ടറി അധ്യക്ഷനായ ദുരന്തനിവാരണ വകുപ്പിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേരിട്ടുള്ള നിർദേശപ്രകാരം തുക വകമാറ്റാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് നടന്ന യോഗത്തിന്റെ മിനിറ്റ്സ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

 

കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് വയനാടിന് വേണ്ടിയുള്ള ഫണ്ടിൽ നിന്ന് ലാപ്ടോപ്പുകളും ഫൊട്ടോസ്‌റ്റാറ്റ് മെഷീനും വാങ്ങാൻ നിർദേശിച്ച് വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് സർക്കാർ സെക്രട്ടറി കത്ത് നൽകിയത്. തിരുവനന്തപുരത്തിരിക്കുന്ന അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ, നാല് അസിസ്റ്റന്റുമാർ എന്നിവർക്ക് ഉപയോഗിക്കാനായി 2,82,000 രൂപ വിലയുള്ള ആറ് ലാപ്ടോപ്പുകളും, 1,50,000 രൂപ വിലയുള്ള ഫൊട്ടോസ്റ്റാറ്റ് മെഷീനും ഉൾപ്പെടെ ആകെ 4,32,000 രൂപയാണ് വയനാട് പുനരധിവാസത്തിനുള്ള പ്രത്യേക ഉപകരണങ്ങൾക്കൊപ്പം വകമാറ്റി ചെലവഴിച്ചത്. സർക്കാർ ഓഫീസുകളിലേക്ക് ലാപ്ടോപ്പ് ആവശ്യമുണ്ടെങ്കിൽ ഐ.റ്റി സെല്ലിന് കത്ത് നൽകി അതിനായുള്ള പ്രത്യേക ഫണ്ടിൽ നിന്നും ഉപകരണങ്ങൾ എത്തിച്ചു നൽകാൻ വ്യവസ്ഥ നിലനിൽക്കെയാണ്, എൽഡിഎഫ് സർക്കാരിലെ ഉന്നതരുടെ നിർദേശപ്രകാരം മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ട് വയനാട് ടൗൺഷിപ്പിന്റെ അക്കൗണ്ടിൽ നിന്നും തുക വകമാറ്റി ഇവ വാങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *