ഒരു കുട്ടിക്ക് കൂടെ ഷിഗല്ലെ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ മൂന്നായി
കൽപ്പറ്റ: വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടെ ഷിഗല്ലെ സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി.
58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇവരിൽ 470 പേരും സ്കൂൾ വിദ്യാർത്ഥികളാണ്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും രോഗലക്ഷണങ്ങളുള്ളവരിൽ പെടുന്നു.
ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾ ചികിത്സ തേടിയത്. പനിയും ചർദ്ദിയും വയറിളക്കവും തുടങ്ങിയ ബുദ്ധിമുട്ടുകളായിരുന്നു വിദ്യാർത്ഥികൾക്ക്. ഇവരിൽ രണ്ട് പേർക്ക് ഇന്നലെയാണ് ഷിഗല്ലെ സ്ഥിരീകരിക്കുന്നത്.
രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ബന്ധപ്പെടുകയും ഇവരിൽ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി അറിയിക്കുകയും ചെയ്തു. ഇവരെ ആശുപത്രികളിൽ എത്തിച്ച് പരിശോധിച്ചു. ഇതിൽ 14 പേരെയും വിട്ടയക്കുകയും രണ്ട് പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത തുടരുകയാണ്.





Leave a Reply