July 21, 2026

കെല്ലൂര്‍ ഗവ എല്‍.പി.സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണം- സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

0
IMG_20260721_093553
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ കെല്ലൂര്‍ ഗവ എല്‍.പി.സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ പരാതികള്‍ കേള്‍ക്കുകയായിരുന്നു കമ്മീഷന്‍. 146 വര്‍ഷം പഴക്കമുള്ള എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പി.ടി.എ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്. വിദ്യാലയത്തിന് 1.8 ഏക്കര്‍ സ്ഥലമുള്ള സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ 277 കുട്ടികളാണ് പഠനം നടത്തുന്നത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ 11 ഡിവിഷനുകള്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വിദ്യാലയത്തില്‍ 17 ക്ലാസ് മുറികള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ശുചിമുറികള്‍, കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജനസാന്ദ്രത, വിദ്യാലയത്തിലെ മറ്റ് സൗകര്യങ്ങള്‍ പരിഗണിച്ച് സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിഷയത്തില്‍ മാതൃകാപരമായ മറുപടിയാണ് ലഭ്യമാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

 

ചൂരല്‍മല- മുണ്ടക്കൈ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന മേഖലയില്‍ മതസ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പരിഹാരം കണ്ടെത്താന്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍, പദ്ധതി പ്രദേശത്തുള്ളവര്‍, സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണാനാവശ്യപപ്പെട്ടു. ടൗണ്‍ഷിപ്പ് മാസ്റ്റര്‍ പ്ലാനില്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും നിര്‍മിക്കണമെന്ന മേപ്പാടി സ്വദേശിയുടെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

 

നൂല്‍പ്പുഴ വില്ലേജിലെ ചെട്ട്യാലത്തൂര്‍ പ്രദേശത്ത് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം സ്ഥിര താമസക്കാരായ ആളുകളെ മാറ്റിപാര്‍പ്പിച്ച വിഷയത്തില്‍ ഫണ്ടിന്റെ ലഭ്യതയനുസരിച്ചും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്കും കൈവശ ഭൂമി ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുമെന്ന് മുത്തങ്ങ റെയിഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. അദാലത്തില്‍ പരിഗണിച്ച അഞ്ചു കേസുകളില്‍ നാലെണ്ണം തീര്‍പ്പാക്കി. ഒരു കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി ഒരു പരാതിയാണ് ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *