വന്യമൃഗശല്യം: പ്രധാനമന്ത്രിക്കും അധികാരികൾക്കും കത്തയച്ചു
കാപ്പൻകൊല്ലി: കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പൻകൊല്ലി, പുഴമൂല ആനക്കാട്, കാപ്പിക്കാട്, കോട്ടനാട്, എരുമക്കൊല്ലി, 22, മാനിവയൽ, ചുങ്കത്തറ, കുന്നുംബറ്റ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളിനീക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി, കടുവ തുടങ്ങിയ എല്ലാ വന്യമൃഗങ്ങളുടെയും ശല്യം ഈ പ്രദേശങ്ങളിൽ രൂക്ഷമാണ്. ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾ കൊല്ലപ്പെടുകയും ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ, മുഖ്യമന്ത്രി, വനമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കൃഷി വകുപ്പ് മന്ത്രി, വയനാട് എം.പി, കളക്ടർ എന്നിവർക്ക് നൂറുകണക്കിന് ആളുകളുടെ ഒപ്പുശേഖരിച്ച് മെമ്മോറാണ്ടം നൽകുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം കാപ്പൻകൊല്ലി സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജെറാൾഡ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ മദർ സുപ്പീരിയർ സിസ്റ്റർ ഷേർലി, സാമൂഹിക ശുശ്രൂഷ സമിതി കോർഡിനേറ്റർ സൗമ്യ സാബു, ബാബു തോമസ്, സമിതി അംഗങ്ങളായ വേറോനിക ടീച്ചർ, ബേബി കടവൻ, മറ്റ് ഇടവകാംഗങ്ങളായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരാണ് ഈ ഗ്രാമങ്ങളിലെ മിക്ക കുടുംബങ്ങളുമെങ്കിലും വന്യമൃഗശല്യം മൂലം കൃഷി പൂർണ്ണമായി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് ഇവർ ജീവിക്കുന്നത്. ഈ പ്രശ്നത്തിന് ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, കൃഷിയും വനഭൂമിയും വേർതിരിച്ച് വൈദ്യുതി വേലി സ്ഥാപിക്കുക, കുരങ്ങ്, മലയണ്ണാൻ പോലുള്ളവയെ കൂട് വെച്ച് പിടികൂടി ഉൾവനത്തിൽ വിടുക, കൃഷിക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടവക സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഭീമ ഹർജിയിലൂടെ മുന്നോട്ടുവെക്കുന്നത്.





Leave a Reply