June 20, 2026

ബഡ്ജറ്റ് വയനാടിന് ഏറെ ഗുണം ചെയ്യും: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

0
IMG_20260620_104608
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട്ടിൽ പട്ടികവർഗ്ഗ സർവകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവും അതിനായി 50 കോടി രൂപ അനുവദിച്ചതും ആദിമവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്തുപകരുമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വയനാട് പാക്കേജിൽ മൈസൂർ നഞ്ചങ്കോട് നിലമ്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് പലകുറി ആവശ്യപ്പെട്ടിട്ടും പണമില്ലെന്നു പറഞ്ഞ് അനുവദിക്കാതിരുന്ന സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ ഗവൺമെന്റെ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയെ പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികളും ദേശീയ അന്തർദേശീയ തലത്തിൽ ജില്ലയെ അവതരിപ്പിക്കുന്നതിനായി കൊണ്ടുവന്ന ‘ബ്രാൻഡ് വയനാട് ‘എന്ന ആശയവും ടൂറിസം മേഖലയ്ക്ക് വലിയ പിന്തുണയാകും.

 

വയനാട് പാക്കേജിൽ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്നുള്ള പ്രഖ്യാപനവും മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്നുള്ള പദ്ധതികളും ജില്ലയ്ക്ക് ഏറെ ആശ്വാസകരമാണ്. ഇതിന്റെ ഭാഗമായി വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പുതിയ ആര്‍ ആര്‍ ടി ടീമിനെ അനുവദിക്കുമെന്നും കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ട്. പട്ടികവർഗ്ഗ ഉപ പദ്ധതിക്കായി മുൻ ബജറ്റിൽ നിന്നും 152.52 കോടി രൂപ അധിക വിഹിതമായി വകയിരുത്തിയതും ഇവർക്കുള്ള പ്രത്യേക ഭവന പദ്ധതിയും ഏറ്റവും സഹായകരമാകുക വയനാട് ജില്ലയ്ക്കാണ്. ഇതിനൊപ്പം കാർഷിക കടാശ്വാസ കമ്മീഷൻ അവാർഡ് പ്രഖ്യാപിച്ച കർഷകരുടെ പ്രമാണങ്ങൾ തിരിച്ചു നൽകുവാനുള്ള നടപടികളും ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്കുള്ള പ്രത്യേക പരിഗണനയും വയനാടിനു വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *