നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത: സംസ്ഥാന സർക്കാർ തുടർനടപടികളിലേക്ക്; ജൂലൈ 3-ന് ഇ. ശ്രീധരനുമായി ചർച്ച
മലപ്പുറം: നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാതയുടെ പ്രാരംഭ നടപടികൾക്കായി സംസ്ഥാന ബജറ്റിൽ 2 കോടി രൂപ നീക്കിവച്ചതിന് പിന്നാലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ. ശ്രീധരൻ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇതിന്റെ തുടർനടപടികൾ. ഇതിന്റെ ഭാഗമായി അടുത്ത മാസം 3-ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഇ. ശ്രീധരനുമായി ചർച്ച നടത്തും. അതിനു പിന്നാലെ ഇ. ശ്രീധരനും റെയിൽവേ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തും.
10 വർഷത്തിന് ശേഷം സംസ്ഥാന ബജറ്റിൽ പാതയ്ക്കായി തുക നീക്കിവച്ചതോടെ, നൂറ്റാണ്ടിലേറെ പഴക്കമുള്ള പദ്ധതി ട്രാക്കിലാകുമെന്ന പ്രതീക്ഷ വീണ്ടും സജീവമായിരിക്കുകയാണ്. 2023-ൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവേക്കും ഡിപിആർ തയ്യാറാക്കുന്നതിനുമായി റെയിൽവേ മന്ത്രാലയം 5.9 കോടി രൂപ അനുവദിച്ചിരുന്നു. എറണാകുളം റെയിൽവേ വികസന ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന് കൈമാറുകയും, നിലവിൽ ദക്ഷിണ റെയിൽവേ ട്രാഫിക് വിഭാഗം ഇത് പരിശോധിച്ചുവരികയുമാണ്.
ഇരട്ടപ്പാതയ്ക്കായി തയ്യാറാക്കിയ ഡിപിആർ പ്രകാരം 30,000 കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്. ഇത്രയും വലിയ തുക ചെലവാകുന്ന പദ്ധതിക്ക് അനുമതി ലഭിക്കുമോ എന്ന സന്ദേഹമുയർന്നതിനാൽ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ മറ്റൊരു റിപ്പോർട്ടും പരിഗണനയിലുണ്ട്. ഇതുപ്രകാരം ആദ്യഘട്ടത്തിൽ സിംഗിൾ ലൈനാണ് നിർമിക്കുക. 12,000 കോടി രൂപ ചെലവിൽ ഇത് പൂർത്തിയാക്കാനാകും. മലപ്പുറം, വയനാട്, മൈസൂരു എന്നിവിടങ്ങളിലായി 156 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്. രണ്ടിടത്തായി 20 കിലോമീറ്റർ ദൂരമെങ്കിലും കാട്ടിനുള്ളിലൂടെ തുരങ്കം നിർമിക്കേണ്ടിവരും. പാത പൂർത്തിയായാൽ കൊച്ചിക്കും ബെംഗളൂരുവിനുമിടയിൽ വൻതോതിൽ ചരക്കുനീക്കം ഇതുവഴി നടക്കുമെന്നാണ് വിലയിരുത്തൽ.





Leave a Reply