ചെന്നൈ ഫാഷൻ കോണ്ടസ്റ്റിൽ മികച്ച ബിസിനസ് വനിതയ്ക്കുള്ള പുരസ്കാരം പുൽപ്പള്ളി സ്വദേശി ദൃശ്യ ഷിജോ ജോണിന്
പുൽപ്പള്ളി: ചെന്നെയിൽ വെച്ച് നടന്ന 2026-ലെ ഫാഷൻ കോണ്ടസ്റ്റിൽ മികച്ച ബിസിനസ് വനിതക്കുള്ള പുരസ്കാരത്തിന് പുൽപ്പള്ളി മുള്ളൻകൊല്ലി മഠത്തിൽ ദൃശ്യ ഷിജോ ജോൺ അർഹയായി. ബാംഗ്ലൂർ എറിക് കൾട്ടിവേറ്റ് സ്റ്റുഡിയോയുടെ മാനേജിങ്ങ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്ന ദൃശ്യ, ഈ സ്റ്റുഡിയോയിലൂടെ ഫാഷൻ റാമ്പുകളിൽ മത്സരിക്കുന്ന മോഡലുകൾക്ക് മികച്ച പരിശീലനം, ഫോട്ടോഷൂട്ട്, പരസ്യനിർമ്മാണം, ഫാഷൻ ഷോ കോഡിനേഷൻ എന്നിവ നൽകിവരുന്നുണ്ട്. ദേശീയ-അന്തർദേശീയ ഫാഷൻ ഷോ റാമ്പുകളിൽ കുട്ടി മോഡലുകൾക്കും മുതിർന്നവർക്കും ദൃശ്യ നൽകുന്ന പരിശീലനത്തിലൂടെ നിരവധി ഫാഷൻ മോഡലുകളാണ് ദിനംപ്രതി മുഖ്യധാരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തവണത്തെ ചെന്നൈ ഫാഷൻ മത്സരത്തിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫാഷൻ കമ്പനിക്കുള്ള മികവും ഓവറോൾ ചാമ്പ്യൻഷിപ്പും ദൃശ്യയുടെ എറിക് കൾട്ടിവേറ്റ് സ്റ്റുഡിയോ സ്വന്തമാക്കി. കൂടാതെ ഈ മത്സരത്തിൽ മികച്ച മോഡലുകളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഈ സ്റ്റുഡിയോയിൽ നിന്നും പരിശീലനം നേടിയവരായിരുന്നു എന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനറായ ഷിജോ ജോൺ മഠത്തിലാണ് ദൃശ്യയുടെ ഭർത്താവ്. ഫാഷൻ ഷോകളിലെ ശ്രദ്ധേയനായ കുട്ടിതാരം എറിക് ഷിജോ ജോൺ, എഴുത്തുകാരനായ എൻട്രിക് ഷിജോ ജോൺ എന്നിവർ മക്കളാണ്.





Leave a Reply