June 27, 2026

താമരശ്ശേരിയിൽ നിന്ന് ഒളിച്ചോടിയ വിദ്യാർത്ഥികൾ വയനാട്ടിലെ കാട്ടിൽ ടെന്റടിച്ച് താമസിക്കുന്നതിനിടെ പിടിയിൽ; നാടകീയ രംഗങ്ങൾക്കൊടുവിൽ കുട്ടികളെ കണ്ടെത്തി നാട്ടുകാർ

0
IMG_20260627_131432
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: വീട്ടുകാരെയും പൊലീസിനെയും മുൾമുനയിൽ നിർത്തി കോഴിക്കോട് താമരശ്ശേരിയിൽ നിന്നും ഒളിച്ചോടിയ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ വയനാട്ടിലെ മലഞ്ചെരുവിൽ നിന്ന് സാഹസികമായി കണ്ടെത്തി. പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് അതിബുദ്ധിപരമായ ഈ യാത്ര ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഇവരെ നാട്ടുകാർ പിടികൂടിയത്. യാത്രയ്ക്കുള്ള പണം കണ്ടെത്താനായി ഇവർ ആദ്യം തന്നെ കൂട്ടത്തിലെ ഒരാളുടെ പതിനെട്ടായിരം രൂപ വിലവരുന്ന സ്മാർട്ട്ഫോൺ താമരശ്ശേരിയിലെ ഒരു കടയിൽ പതിനായിരം രൂപയ്ക്ക് വിറ്റു. പൊലീസിന്റെ സൈബർ സെൽ തങ്ങളെ പിന്തുടരാതിരിക്കാൻ ബാക്കി രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ദിവസങ്ങളോളം ആരുമറിയാതെ കാട്ടിൽ തമ്പടിച്ചു ജീവിക്കാൻ ആവശ്യമായ ടാർപായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങൾ എന്നിവയും ഇവർ മുൻകൂട്ടി കരുതിയിരുന്നു.

 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പത്താം ക്ലാസുകാരി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ക്ലാസ് തുടങ്ങിയിട്ടും കുട്ടി എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സ്കൂളിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നും കുട്ടിയുടെ സ്കൂൾ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെയാണ് അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ പതിനേഴുകാരനെയും അവന്റെ കൂട്ടുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെയും കാണാനില്ലെന്ന വിവരവും പുറത്തുവരുന്നത്. കുട്ടികൾക്കൊപ്പം ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും അപ്രത്യക്ഷമായിരുന്നു. തുടക്കത്തിൽ വഴിമുട്ടിയ അന്വേഷണത്തിൽ നിർണായകമായത് ഒരു റബർ ടാപ്പിങ് തൊഴിലാളിയുടെ ഇടപെടലാണ്. സ്കൂളിന് സമീപത്തെ പറമ്പിൽ അസ്വാഭാവിക സാഹചര്യത്തിൽ ഈ മൂന്ന് കുട്ടികളെയും കണ്ട അദ്ദേഹം മൊബൈലിൽ ഇവരുടെ ചിത്രം പകർത്തിയിരുന്നു. ഇത് സ്കൂൾ അധികൃതർക്ക് കൈമാറിയതോടെ മൂവരും ഒപ്പമുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കുട്ടികൾ ഇരുചക്രവാഹനങ്ങളിൽ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി.

 

തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് വിദ്യാർത്ഥികൾ വയനാട് വടുവൻചാലിലെ ചിത്രഗിരി ഭാഗത്തെ വനമേഖലയിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്. കാട്ടിലെ അഞ്ചേക്കറോളം വരുന്ന കുന്നിൻ മുകളിൽ ടെന്റടിച്ച് താമസിക്കുകയായിരുന്നു മൂവരും. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് കാട് അരിച്ചുപെറുക്കി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചിത്രഗിരി സ്കൂളിന് സമീപത്തെ കാട്ടിൽ വെച്ച് നാട്ടുകാർ ആദ്യം പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. പൊലീസ് സംഘം എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേരും സ്കൂട്ടർ എടുത്ത് അതിവേഗം അവിടെനിന്നും പാഞ്ഞു കളഞ്ഞു. എന്നാൽ നാട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. സിനിമാ സ്റ്റൈലിൽ സ്വന്തം വാഹനങ്ങളിൽ ഇവർക്ക് പിന്നാലെ പാഞ്ഞ നാട്ടുകാർ, രാത്രി വൈകി പാടിവയലിന് സമീപം വെച്ച് ഇവരെ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. തുടർന്ന് കുട്ടികളെ മേപ്പാടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥികളെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *