ഓണം സ്പെഷ്യൽ ഡ്രൈവ്: ബത്തേരിയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച വൻ മദ്യശേഖരവുമായി സ്ഥിരം കുറ്റവാളി പിടിയിൽ
ബത്തേരി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ.യുടെ നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിൽ ഡ്രൈ ഡേ ദിനത്തിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മദ്യശേഖരവുമായി സ്ഥിരം കുറ്റവാളി പിടിയിലായി. മൂടക്കൊല്ലി കാരക്കാട് വീട്ടിൽ ഷണ്മുഖദാസ് (64) ആണ് എക്സൈസിന്റെ പിടിയിലായത്. മൂടക്കൊല്ലിയിലെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 33 കുപ്പി (16.5 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 5.850 ലിറ്റർ ബിയറുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഓഗസ്റ്റ് ഒന്നിന് രാവിലെ 7 മണിക്കായിരുന്നു പരിശോധന. റേഞ്ച് ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ.വി., പ്രിവന്റീവ് ഓഫീസർമാരായ എം. രാജേഷ്, രജീഷ് ആർ., ബിനുമോൻ എ.എം., സുരേന്ദ്രൻ എം.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, അനിൽ എ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ജലജ എം.ജെ., സി.ഇ.ഒ. ഡ്രൈവർ അൻവർ സാദത്ത് എൻ.എം. എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. നിരവധി മദ്യക്കേസുകളിൽ പ്രതിയായ ഷണ്മുഖദാസിനെ തുടർനടപടികൾക്ക് ശേഷം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.





Leave a Reply