കനത്ത മഴ: തരിയോട് പഞ്ചായത്തിൽ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും; രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കാവുംമന്ദം: തരിയോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണിയിലായ തയ്യിൽ, പൊയിൽ പ്രദേശങ്ങളിലെ നിവാസികളെ തരിയോട് ജി.എൽ.പി. സ്കൂളിലും, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കമ്പനിക്കുന്ന് നിവാസികളെ തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഏതാനും കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെറിയ രീതിയിലുള്ള മണ്ണിടിച്ചിലുകൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജനപ്രതിനിധികളും വില്ലേജ്, പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.





Leave a Reply