പടിഞ്ഞാറത്തറ-മേപ്പാടി-വിംസ് ലൈനിൽ പുതിയ ബസ് സർവീസ് അനുവദിക്കണം: മന്ത്രിക്ക് നിവേദനം നൽകി
കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ നിന്നും മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പുതിയ ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ടി. സിദ്ദിഖിന് നിവേദനം നൽകി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് കണ്ടിയൻ, കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവക്കൽ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
പടിഞ്ഞാറത്തറയിൽ നിന്ന് വിംസ് മെഡിക്കൽ കോളേജിലേക്ക് ഏകദേശം 40 കിലോമീറ്ററോളം ദൂരമുണ്ടെങ്കിലും നിലവിൽ ആവശ്യത്തിന് പൊതുഗതാഗത സൗകര്യമില്ലാത്തത് വലിയ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. ചികിത്സയ്ക്കായി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികൾക്കും വയോധികർക്കും സ്ത്രീകൾക്കും പുറമെ, മേപ്പാടി, കൽപ്പറ്റ ഭാഗങ്ങളിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളും നേരിട്ടുള്ള ബസ് സർവീസ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
രാവിലെ കൃത്യസമയത്ത് സ്ഥാപനങ്ങളിൽ എത്തുന്നതിനും വൈകുന്നേരം സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുന്നതിനും അനുയോജ്യമായ സമയക്രമത്തിൽ സർവീസ് വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. പ്രശ്നത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുമായി ആലോചിച്ച് അടിയന്തര തീരുമാനമെടുക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകി.





Leave a Reply