ഇ.എസ്.എ വിജ്ഞാപനം: കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കർഷക കോൺഗ്രസ്
മാനന്തവാടി: ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കർഷക കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ വിജ്ഞാപനം വനാതിർത്തിയിൽ താമസിക്കുന്ന കർഷകരിൽ വീണ്ടും ആശങ്കയും ഭയവും സൃഷ്ടിച്ചിരിക്കുകയാണ്. വനാതിർത്തി സീറോ പോയിന്റിൽ നിലനിർത്തണമെന്നതാണ് കേരള സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ, ഈ തീരുമാനം മറികടന്ന് 131 വില്ലേജുകളെ കേന്ദ്ര മന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തിയത് കർഷകരോടുള്ള വെല്ലുവിളിയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും വനാതിർത്തി സീറോ പോയിന്റിൽ നിലനിർത്തണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കർഷകന്റെ ഒരു തരി മണ്ണ് പോലും വിട്ടുനൽകില്ലെന്ന സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു.
കേന്ദ്ര സർക്കാർ വിജ്ഞാപനവുമായി മുന്നോട്ടുപോവുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, എം.വി. വിൻസെന്റ്, ഇ.ജെ. ഷാജി, എം.ഐ. പൗലോസ്, വി.വി. നാരായണ വാര്യർ, മൊയ്തു മുതുവോടൻ, ജോർജ് അറുവാക്കൽ എന്നിവർ പങ്കെടുത്തു.





Leave a Reply