വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൽപ്പറ്റ: ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക-ഗുണനിലവാര വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രധാന അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം, ജില്ലാതല ശ്രേഷ്ഠവിദ്യാലയ പുരസ്‌കാര വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ പഞ്ചായത്ത് ഫണ്ടിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസ മേഖലയ്ക്കാണ് നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ പൂര്‍ത്തിയാകാത്ത സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് വലിയൊരു തുക നീക്കിവെക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ നടപ്പ് വര്‍ഷത്തെ പദ്ധതികളും മെയിന്റനന്‍സ് ഗ്രാന്റും കൃത്യമായി വിനിയോഗിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കന്‍ നിര്‍ദ്ദേശിച്ചു. ഉന്നതികളിലെ എല്ലാ കുട്ടികളും സ്‌കൂളില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സീറോ ഡ്രോപ്പ് ഔട്ട് പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. സ്‌കൂള്‍തലത്തില്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല നല്‍കി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഗ്രൂപ്പുകളിലൂടെ വിദ്യാര്‍ഥികളുടെ ഹാജര്‍ ഉറപ്പാക്കി ഡ്രോപ്പ് ഔട്ട് പൂര്‍ണ്ണമായും തടയാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ ആസൂത്രണ ഭവനിലെ എ പി ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായജിനി തോമസ്, വി.എന്‍ ശശീന്ദ്രന്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി അബ്ദുള്‍ ജലീല്‍, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. കെ ടി അഷറഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന സജി, മുഫീദ തെസ്നി, കമല രാമന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply