September 11, 2026

താഴെ കരണി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി: സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ലോക്കൽ ഗവേണൻസ് വാച്ച്

0
IMG_20260911_165328
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും താഴെ കരണി ഇൻഡോർ സ്റ്റേഡിയത്തിന്റെ മറവിൽ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടും നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്നും, തദ്ദേശ ഭരണസമിതികളുടെ തീരുമാനങ്ങൾ അടിയന്തരമായി റദ്ദാക്കി വിജിലൻസ് അന്വേഷണം നടത്തണമെന്നും ലോക്കൽ ഗവേണൻസ് വാച്ച്  ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വിജിലൻസ് ഡയറക്‌ടർ, ജില്ലാ കളക്‌ടർ എന്നിവർക്ക് സംഘടന ഔദ്യോഗികമായി പരാതി നൽകി.

 

പടാരിക്കുന്ന് വാർഡിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ഇൻഡോർ സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങാനെന്ന പേരിൽ പഞ്ചായത്തിന്റെ ഔദ്യോഗിക രസീതുകളോ അനുമതിയോ ഇല്ലാതെ നാട്ടുകാരിൽ നിന്നും ലക്ഷക്കണക്കിന് രൂപ മുൻ വാർഡ് മെമ്പർ ബിനു ജേക്കബ് അനധികൃതമായി സമാഹരിച്ചതായി സംഘടന പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന്, ഇദ്ദേഹം പഞ്ചായത്തിന് നൽകിയ കത്ത് പ്രകാരം സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങാൻ ഭരണസമിതി തീരുമാനമെടുത്തെങ്കിലും (തീരുമാന നമ്പർ: SC2-150/2025), ഈ തീരുമാനം അട്ടിമറിച്ച് ജനങ്ങളിൽ നിന്ന് പിരിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലം ഭരണസമിതി അറിയാതെ, മെമ്പറായിരുന്ന ബിനു ജേക്കബ് സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഈ ഭൂമി മെമ്പറിൽ നിന്ന് ഏറ്റെടുക്കാൻ കണിയാമ്പറ്റ പഞ്ചായത്ത് വീണ്ടും ചട്ടവിരുദ്ധ തീരുമാനമെടുത്തു (SC2-8(1)).

 

തുടർന്ന് ബിനു ജേക്കബ് പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, മുൻകാല ക്രമക്കേടുകൾ മറച്ചുവെച്ച് ഇതേ ഭൂമി ഏറ്റെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെക്കൊണ്ട് തീരുമാനമെടുപ്പിക്കുകയും ചെയ്തു (ഫയൽ നമ്പർ: 1236390-2026). ഒരേ ഭൂമി മാറിമാറി തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് കടുത്ത അധികാര ദുർവിനിയോഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. വെള്ളക്കെട്ടുള്ള വയലായ 18 സെൻ്റ് ഭൂമി, 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള റവന്യൂ ഉത്തരവുകളോ ക്രമപരമായ തരംമാറ്റ അനുമതിയോ ഇല്ലാതെയാണ് ഏറ്റെടുക്കാൻ തുനിഞ്ഞിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് ബിനു ജേക്കബ് ബ്ലോക്ക് പഞ്ചായത്തിന് നൽകിയ കത്തിൽ സമ്മതിക്കുന്ന ഭൂമി കേവലം 80,000 രൂപ മാത്രം കാണിച്ച് രജിസ്റ്റർ ചെയ്‌ത്‌ സർക്കാരിലേക്ക് ലഭിക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയിൽ വെട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. കൂടാതെ, ജനങ്ങളിൽ നിന്ന് പിരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്വന്തം ‘സ്വയാർജ്ജിത സ്വത്ത്’ ആയി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യാജ സത്യവാങ്‌മൂലം നൽകിയതായും പരാതിയിലുണ്ട്.

 

ഈ അവിഹിത ഇടപാടുകൾ സാധൂകരിക്കുന്നതിനായി പഞ്ചായത്തിന്റെ തനതുഫണ്ടിൽ നിന്നും വക്കീൽ ഫീസിനത്തിലും മറ്റ് ഫയൽ നീക്കങ്ങൾക്കുമായി പൊതുപണം ചിലവഴിച്ചതായി സംശയിക്കുന്നു. പഞ്ചായത്ത് രാജ് ആക്‌ട് സെക്ഷൻ 191 പ്രകാരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ചട്ടവിരുദ്ധ തീരുമാനങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും നിയമോപദേശങ്ങൾക്കായി പൊതു പണം ചിലവഴിച്ചിട്ടുണ്ടെങ്കിൽ അത് കുറ്റക്കാരിൽ നിന്ന് സെക്ഷൻ 215 പ്രകാരം സർചാർജ്ജ് ചുമത്തി ഈടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മുദ്രവില വെട്ടിപ്പിനും ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെയും രജിസ്ട്രേഷൻ വകുപ്പിന്റെയും സമഗ്രാന്വേഷണം വേണമെന്ന് ലോക്കൽ ഗവേണൻസ് വാച്ച് പ്രസിഡന്റ് രമേഷ് എ. ആർ., സെക്രട്ടറി അനീഷ് കെ. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news