അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാം: ഡോ. സബിൻ ജോർജ്
പുൽപ്പള്ളി : അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ മാറിയ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് പുൽപള്ളി പഴശ്ശിരാജ കോളേജിൽ വെച്ച് നടന്ന ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല രജിസ്ട്രാർ ഡോ. സബിൻ ജോർജ് പറഞ്ഞു. സാങ്കേതികവിദ്യ വളർച്ച പ്രാപിച്ച ഇന്നത്തെ കാലഘട്ടത്തിൽ ഉയരങ്ങൾ കീഴടക്കാൻ പരിശ്രമിക്കുന്നതിന്റെ തുടക്കം കുറിക്കാൻ കോൺവെക്കേഷൻ വേദി ഉപകരിക്കട്ടെയെന്നും അദ്ദഹേം കൂട്ടിച്ചേർത്തു.
പരിശ്രമം കൊണ്ടും സ്ഥിരോൽസാഹം കൊണ്ടും അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും അവർക്ക് പിന്തുണ നൽകിയ എല്ലാവരെയും മലങ്കര കത്തോലിക്കാ സഭ ബത്തേരി ഭദ്രാസന അധ്യക്ഷനും കോളേജ് മാനേജറുമായ ഡോ. ജോസഫ് മാർ തോമസ് അഭിനന്ദിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും രാജപുരോഗതിക്കും പര്യാപ്തമായ രീതിയിൽ സേവനങ്ങൾ നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്നും ആശംസിച്ചു. തോൽവികൾ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് വിജയത്തിലേക്ക് മുന്നേറാൻ ഏവരും പരിശ്രമിക്കണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗം മധു രാമനാട്ടുകര ആശംസിച്ചു.പ്രിൻസിപ്പൽ ഡോ. ദിലീപ് എം.ആർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.സെനറ്റ് അംഗങ്ങളായ സോബിൻ വർഗീസ് എം.വി., സനൂപ് കുമാർ പി.വി. എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ കോളേജ് എം.ഡി. ഫാ.ഡോ.തോമസ് മടുക്കുമൂട്ടിൽ അനുമോദിച്ചു.ബർസാർ ഫാ. ചാക്കോ ചേലമ്പറമ്പത്ത്, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. കോശി സി.ജെ., സ്റ്റാഫ് സെക്രട്ടറി ഡോ. നീത ഫ്രാൻസിസ്, കൺവീനർ ടോണി തോമസ് പൊടിമറ്റം എന്നിവർ സംസാരിച്ചു.വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അധ്യാപകർ ചേർന്ന് തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം, ഡോക്ടറേറ്റ് നേടിയ അധ്യാപകരെ ആദരിക്കൽ, ഡിപ്പാർട്ട്മെന്റ് സ്കോളർഷിപ്പുകൾ, ക്ലാസ് ടോപ്പർ അവാർഡുകൾ,സർവകലാശാല റാങ്ക് ജേതാക്കൾക്കുള്ള അവാർഡുകൾ,എൻ.സി.സി., എൻ.എസ്.എസ്. മേഖലകളിലും മികവ് തെളിയിച്ചവർ എന്നിവരെയും അനുമോദിച്ചു.




Leave a Reply