മൂപ്പൈനാട്ടിലെ തൊഴിലുറപ്പ് പദ്ധതി സ്തംഭനം: ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ
മൂപ്പൈനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി സ്തംഭിച്ച സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികൾ നിലവിലെ പ്രതിസന്ധി മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളും കുടുംബങ്ങളിൽ ദൈനംദിന ജീവിത പ്രയാസങ്ങളും നേരിടുകയാണ്. പദ്ധതി നടത്തിപ്പിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ നൽകാൻ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും, തൊഴിലാളികളുടെ ഉപജീവനമാർഗം തടസ്സപ്പെടുന്ന തരത്തിലുള്ള സ്തംഭനാവസ്ഥ ഇനിയും തുടരാൻ അനുവദിക്കാനാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിച്ച് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പുനഃസ്ഥാപിക്കാത്ത പക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് ജാഫർ വി. അധ്യക്ഷത വഹിച്ച യോഗം മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി ഉദ്ഘാടനം ചെയ്തു. നൗഫൽ പി.ടി., അയ്യൂബ് നെടുങ്കരണ, അഷ്റഫ് ടി.എം. എന്നിവർ സംസാരിച്ചു.





Leave a Reply