ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധവുമായി കെ.ജി.എം.ഒ.എ
കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കെ.ജി.എം.ഒ.എ. വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആശുപത്രിക്കുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കി.
സെപ്റ്റംബർ 22ന് എച്ച്.എം.സി.യിലെ മുൻ ജീവനക്കാരുടെ ബന്ധുക്കൾ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സൂപ്രണ്ടിന്റെ ഓഫീസിൽ അതിക്രമിച്ച് കയറി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് കെ.ജി.എം.ഒ.എയുടെ ആരോപണം.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള ബാധകമായ നിയമവകുപ്പുകൾ പ്രകാരം കേസെടുക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുകയും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു





Leave a Reply