സർക്കാരിന് അവ മതിപ്പുണ്ടാക്കാനുള്ള എൻജിഒ യൂണിയൻ ശ്രമം പ്രതിഷേധാർഹം: കേരള എൻജിഒ അസോസിയേഷൻ
കൽപ്പറ്റ: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾ അട്ടിമറിച്ചും സർക്കാർ നിർദ്ദേശങ്ങളെ മറികടന്നും തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുത്ത് ആരോഗ്യവകുപ്പിനെ പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടിന്റെ ശ്രമം പ്രതിഷേധാർഹമാണെന്ന് എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് കെ ടി ഷാജി. കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഓഫീസിനു മുൻപിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെ പിരിച്ചുവിട്ട് ആശുപത്രിയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ശ്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്നുള്ളത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പിരിച്ചു വിടൽ നടപടിയെ കുറിച്ച് അന്വേഷിക്കാൻ എത്തിയ പൊതുപ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കാനുള്ള ശ്രമം അനുവദിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു . കാലാകാലങ്ങളായി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമ്പോൾ പാലിക്കാറുള്ള മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി തന്നിഷ്ടപ്രകാരം പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചും അതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പൊതുപ്രവർത്തകരെ അപമാനിക്കാനും കള്ളക്കേസിൽ കുടുക്കാനും ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടും ശിങ്കിടികളും നടത്തിയ ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും താൽക്കാലിക ജീവനക്കാരുടെ കാര്യത്തിൽ ഭരണത്തിൽ ഇരിക്കുമ്പോൾ ഒരു നീതിയും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നീതിയും എന്നുള്ളത് അംഗീകരിക്കാൻ ആവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ടി പരമേശ്വരൻ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സി കെ ജിതേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് ലൈജു ചാക്കോ,എം നസീമ, വനിത ഫോറം ജില്ലാ കൺവീനർ ഗ്ലോറിൻ സെഖ്യൂറ, എന്നിവർ പ്രസംഗിച്ചു. പിജെ ഷിജു, എം വി സതീശൻ, ജോൺസ് ജോസഫ്, ടി എം സനിത,ശ്രീനു ടി ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply