September 24, 2026

ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം: സ്വാമിനി മാതാ നാരായണ ചൈതന്യമയി

0
IMG_20260924_092348
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എല്ലാ മതവിശ്വാസികൾക്കും ജീവിക്കാനുള്ള മാതൃകയാണ് നൽകുന്നതെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ മാതൃസഭ, യുവജന സഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 99-മത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. നൂറു വർഷം മുൻപ് ഗുരു അരുളിച്ചെയ്ത കാര്യങ്ങളാണ് ഇന്ന് ലോകം മുഴുവൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. മനുഷ്യൻ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ദർശനങ്ങളാണ് ഗുരു പകർന്നത്. ജാതി ഇല്ലാതാക്കാനല്ല, മറിച്ച് മനുഷ്യനെ ഒന്നായി കാണാനാണ് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഉപദേശം പഠിപ്പിച്ചത്. അറിവില്ലാത്ത ഭക്തി അന്ധതയാണെന്ന് തിരിച്ചറിഞ്ഞ ഗുരു, മാനവരാശിയോട് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉദ്ബോധിപ്പിച്ചു. അക്ഷരവിദ്യയോടൊപ്പം തൊഴിൽ വിദ്യയും ആത്മവിദ്യയും നല്ല മനുഷ്യരായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നും സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയെന്നതും ഗുരുദേവന്റെ പ്രധാന ഉപദേശമാണെന്നും അവർ കൂട്ടിച്ചേർത്തു. സത്യം, ധർമ്മം, ദയ, കാരുണ്യം എന്നിവ ജീവിതത്തിൽ കൊണ്ടുവന്നാൽ ഏത് മതത്തിൽ വിശ്വസിച്ചാലും നല്ല മനുഷ്യരാകാൻ സാധിക്കുമെന്നാണ് ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശത്തിലൂടെ ഗുരു വ്യക്തമാക്കിയത്. ഇത്തരം ഗുരുദേവദർശനങ്ങൾ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതുവരെയുള്ള കാര്യങ്ങളിൽ നമ്മൾ പ്രാവർത്തികമാക്കണം.

 

ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ. എൻ. ചന്ദ്രൻ കുഴുപ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരുദേവ വിരചിതമായ ഹോമമന്ത്രവും ശാന്തിഹവനം, വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലിയോടുകൂടിയ പ്രാർത്ഥനകൾ എന്നിവയും നടന്നു. ഗുരുദേവന്റെ മഹാസമാധിയെ കുറിച്ച് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം സരസു നാരായണൻകുട്ടി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ. എൻ. ചന്ദ്രബാബു, മാതൃസഭ ജില്ലാ പ്രസിഡന്റ് നിഷ രാജൻ, യുവജനസഭ ജില്ലാ സെക്രട്ടറി എം. വി. ബാബു, ജില്ലാ ഭാരവാഹികളായ സി. കെ. ദിവാകരൻ, ശ്രീനിവാസൻ പുന്നത്താനത്ത്, സി. കെ. മാധവൻ എന്നിവർ സംസാരിച്ചു. ഗുരുദേവ കൃതികളുടെ ആലാപനത്തിനും സമൂഹ പ്രാർത്ഥനയ്ക്കും ശേഷം നടന്ന വിശേഷാൽ മഹാസമാധി പ്രാർത്ഥനയോടെ ചടങ്ങുകൾ അവസാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *