അഭിമാനം വാനോളം; റഷ്യയിലെ നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത് വയനാട്ടുകാരൻ മുഹമ്മദ് ഷെബിൻ
കൽപ്പറ്റ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സെപ്തംബർ 16 മുതൽ അഞ്ച് ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത് വയനാട്ടുകാരനായ വിദ്യാർത്ഥി മുഹമ്മദ് ഷെബിൻ. ഇന്റർനാഷണൽ റസോഫൈൽ മൂവ്‌മെന്റ് സംഘടിപ്പിച്ച ഉന്നതതല സെമിനാറിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 22 വിദ്യാർത്ഥികളാണ് പ്രതിനിധികളായി പങ്കെടുത്തത്.
തമിഴ്‌നാട്ടിലെ നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ സ്കോളർഷിപ്പോടെ പഠനം നടത്തുന്ന ഷെബിന് അന്താരാഷ്ട്ര വേദിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയായിരുന്നു. മന്ത്രി ടി. സിദ്ദിഖിന്റെ പ്രത്യേക താൽപ്പര്യത്തെ തുടർന്നാണ് ഷെബിന് സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്.
റഷ്യൻ സംസ്കാരം, ഭാഷ, ചരിത്രം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള സാംസ്കാരിക സഹകരണവും പരസ്പര ആശയവിനിമയവും സെമിനാറിൽ ചർച്ച ചെയ്തു.
വയനാട്ടിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് ആഗോള വേദിയിൽ പങ്കാളിയാകാൻ അവസരം ലഭിച്ചത് നാടിന് അഭിമാനമായി. ഷെബിന്റെ നേട്ടത്തിൽ മന്ത്രി ടി. സിദ്ദിഖ്, നാട്ടുകാർ, സുഹൃത്തുക്കൾ, വിദ്യാർത്ഥി സമൂഹം എന്നിവർ അഭിനന്ദനമറിയിച്ചു.
പടിഞ്ഞാറത്തറ പന്തിപ്പൊയിൽ മുക്കാടൻകണ്ടി ഷമീറിന്റെയും സെമിയത്തിന്റെയും മകനാണ് മുഹമ്മദ് ഷെബിൻ.





Leave a Reply