ലോട്ടറി കടയുടമയ്ക്ക് കുത്തേറ്റ സംഭവം: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു
കൽപ്പറ്റ: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിൽ ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് പൂങ്കാവനം ലോട്ടറി റീട്ടെയിൽ ഉടമ വിനീത രജീഷ് (32) ന് നേരെയാണ് ആക്രമണമുണ്ടായത്. പതിവായി ലോട്ടറി എടുത്തിട്ടും സമ്മാനം ലഭിച്ചില്ലെന്ന് ആരോപിച്ച് തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) കടയിൽ ഒറ്റയ്ക്കായിരുന്ന വിനീതയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിനീത മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തെ അപലപിച്ചുകൊണ്ട് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ, പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കർശന നിയമനടപടി സ്വീകരിക്കുക, അതിർത്തി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുക, പരിക്കേറ്റ വ്യാപാരിക്ക് സർക്കാർ അടിയന്തര ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. വ്യാപാരികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാകുകയാണെന്നും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തണമെന്നും ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, മറ്റ് ജില്ലാ ഭാരവാഹികളായ മാത്യു മത്തായി ആതിര, വി.ഡി. ജോസ്, സി.വി. വർഗീസ്, കമ്പ അബ്ദുള്ള ഹാജി, ഇ. ഹൈദ്രൂ, എം. മുജീബ്, പി.വി. മഹേഷ്, സി. രവീന്ദ്രൻ, താരീഖ് അൻവർ, എൻ.പി. ഷിബി, ഓമനക്കുട്ടൻ ടി.പി, സേവ്യർ കരണി, കെ.കെ. അമ്മത് ഹാജി, സുബൈർ കോറോം, അഷ്റഫ് കൊട്ടാരം, എം.കെ. നാസർ, പി.കെ. അബ്ദുറഹിമാൻ, നജീബ് പൂങ്ങാടൻ, ഖാദർ വടുവഞ്ചാൽ, റഫീഖ് മേപ്പാടി, റഷീദ് അമ്പലവയൽ, പി. രഞ്ജിത്, ജോയി പേരിയ, മുനീർ നെടുങ്കരണ, നിസാർ ദിൽവെ, എൻ.വി. അനിൽകുമാർ, അസ്ലം ബാവ, കെ.ടി. ഹരീന്ദ്രൻ, ജോണി പെരിക്കല്ലൂർ, ജോയ് സെബാസ്റ്റ്യൻ പനമരം തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply