ടൗണ്‍ഷിപ്പില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനെ മാതൃക ഹരിത ടൗണ്‍ഷിപ്പാക്കി ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അറിയിച്ചു. ടൗണ്‍ഷിപ്പിലേക്കുള്ള ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണോദ്ഘാടനം പരിശീലനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പില്‍ വീടുകളില്‍ കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധി പരിഹാരിക്കുന്നതിനാണ് ബയോ കമ്പോസ്റ്റ് ബിന്നുകള്‍ നല്‍കുന്നത്. ബിന്നുകളിലൂടെ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് ടൗണ്‍ഷിപ്പിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ആവശ്യത്തിലധികം വരുന്ന വളം കൃഷി വകുപ്പിലൂടെ സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനൊപ്പം രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഡിസംബറോടെ ടൗണ്‍ഷിപ്പിലെ അനുബന്ധ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കും. ബാങ്ക് വായ്പകള്‍, വ്യാപാരികള്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ടൗണ്‍ഷിപ്പിന് ചുറ്റും വന്യമൃഗശല്യം തടയുന്നതിന് നാരകം ഉള്‍പ്പെടെയുള്ള ഔഷധച്ചെടികള്‍ ഉപയോഗിച്ച് ജൈവ വേലി നിര്‍മ്മിക്കും. അതിജീവന പാതയിലുള്ള വയനാട് ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പിലെ 178 കുടുംബങ്ങള്‍ക്ക് മൂന്ന് നിരയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനമാണ് സജ്ജമാക്കുന്നത്. റെയ്ഡ്‌കോയുടെ നേതൃത്വത്തില്‍ ബയോ കമ്പോസ്റ്റര്‍ ബിന്‍ ഉപയോഗം, ഹരിത ഭവന പദ്ധതി ബോധവത്കരണ പരിശീലനം എന്നിവ നടന്നു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍ അധ്യക്ഷനായി. ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ.ഒ അരുണ്‍, ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഇ.ടി രാകേഷ്, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, കൗണ്‍സിലര്‍ ഷമീര്‍ ഒടുവില്‍, ബാബു വേങ്ങേരി, റെയ്ഡ്‌കോ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.




Leave a Reply