എഐടിയുസി സത്യാഗ്രഹ സമരം നടത്തി
കൽപ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ ജില്ലയിൽ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. തൊഴിലാളികളുടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതാണ് പുതിയ ലേബർ കോഡുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മൂർത്തി പറഞ്ഞു. തൊഴിലാളികളെ അടിമകളാക്കുന്ന നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ഉയർന്നു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സത്യാഗ്രഹത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി മണി സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലിൻ, കൃഷ്ണകുമാർ അമ്മാത്ത് വളപ്പിൽ, വി യൂസഫ്, എം വി ബാബു, മഹിതമുർത്തി, ജസ്മൽ മുണ്ടേരി, എസ് ടി സുകുമാരൻ, കെ കെ തോമസ്, പടയൻ ഇബ്രാഹിം, മോഹൻ, ബാബുരാജ്, ജയചന്ദ്രൻ തുടങ്ങിയവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം വഹിച്ചു.




Leave a Reply