October 7, 2026

കായിക കൗമാരങ്ങൾ കൽപ്പറ്റയിലേക്ക്; റവന്യൂ ജില്ലാ കായികോത്സവത്തിന് ഇന്ന് കൊടിയേറും

0
IMG-20261007-WA0039
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഉപജില്ലകളിൽ നിന്ന് വിജയക്കുതിപ്പുമായി എത്തിയ ആയിരത്തോളം കായികപ്രതിഭകൾ ഇനി വിജയലക്ഷ്യത്തോടെ ട്രാക്കിലും ഫീൽഡിലും മാറ്റുരക്കും. വയനാടിന്റെ കായിക സംസ്കാരത്തിന്റെ ഉത്സവവും ഒത്തുചേരലുമായി മാറും ഇനിയുള്ള മൂന്ന് ദിനങ്ങൾ. അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിലാണ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി റവന്യൂ ജില്ലാ കായികോത്സവം നടക്കുന്നത്. 96 ഇനങ്ങളിലായി ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കായികതാരങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഒപ്പം കുട്ടികൾക്ക് പ്രചോദനമേകി അധ്യാപകരും ട്രാക്കിലേക്ക് ഇറങ്ങുമെന്ന പ്രത്യേകതയുമുണ്ട്.

​ഇന്ന് രാവിലെ 10.30-ന് സബ് ജില്ലാ സെക്രട്ടറിമാരുടെ ചുമതലയിൽ രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചക്ക് ഒരു മണിക്ക് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയർത്തുന്നതോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമാകും. 1.30-ന് ആരംഭിക്കുന്ന ആദ്യദിന മത്സരങ്ങളിൽ 100 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ, പോൾവാൾട്ട്, ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട് എന്നിവ നടക്കും.

​രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് നടത്തമത്സരത്തോടെ മത്സരങ്ങൾ പുനരാരംഭിക്കും. രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കായികോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതിന് മുന്നോടിയായി കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും ദീപശിഖ പ്രയാണവും സ്റ്റേഡിയത്തിൽ നടക്കും. ഓട്ട മത്സരങ്ങൾ, ജമ്പിങ് മത്സരങ്ങൾ, ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട്, ഹാമ്മർ എന്നിവയാണ് രണ്ടാം ദിവസത്തിലെ പ്രധാന ഇനങ്ങൾ.

​മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ 7.30-ന് അധ്യാപകരുടെ മത്സരങ്ങളോടെയാകും തുടക്കം. തുടർന്ന് ഓട്ട, ജമ്പിങ് മത്സരങ്ങളും അവസാന ഇനമായി റിലേ മത്സരങ്ങളും നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഉഷാ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി. ചെൽസസിനി ചടങ്ങിൽ മുഖ്യാതിഥിയാകും.

​പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ എം. നാസർ, സി.ടി. മൻസൂർ, ജി.എച്ച്.എസ്.എസ് അച്ചൂർ പി.ടി.എ പ്രസിഡന്റ് കെ. നജുമുദ്ദീൻ, പ്രിൻസിപ്പൽ വി. അനിൽകുമാർ, ഹെഡ്മിസ്ട്രസ് ഡി.ബി. യാങ്സ്റ്റി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മേളയുടെ പ്രചാരണാർത്ഥം ചൊവ്വാഴ്ച വൈകീട്ട് 3.30-ന് എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന കായിക വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *