October 21, 2026

കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ വനം വകുപ്പിന്റെ അനാവശ്യ വാഹന പരിശോധന: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

0
IMG-20261021-WA0098
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ രാത്രി 9 മണിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടയുന്ന നടപടിക്കെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഇന്നലെ രാത്രി തോൽപ്പെട്ടിയിലേക്ക് ഭക്ഷണം കഴിക്കാൻ പോയ കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി തിരിച്ചയച്ച സംഭവം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.

 

മൈസൂർ ഭാഗത്തേക്ക് യാത്ര ചെയ്യാൻ രാത്രികാല നിരോധനം ഇല്ലാത്ത ഏക ബദൽ റോഡാണ് കാട്ടിക്കുളം – തോൽപ്പെട്ടി റോഡ്. ബാവലി, മുത്തങ്ങ പാതകളിൽ രാത്രികാല യാത്രാവിലക്ക് നിലനിൽക്കുമ്പോൾ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. എന്നാൽ മൈസൂരിലേക്ക് പോകാം, തോൽപ്പെട്ടിക്ക് പോകാൻ പാടില്ല എന്ന് പറഞ്ഞ് വാഹനങ്ങൾ തടയുന്നത് തികച്ചും വിചിത്രമായ നടപടിയാണ്.

 

പ്രധാന ടൂറിസം കേന്ദ്രമായ തോൽപ്പെട്ടിയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്. രാത്രി സമയങ്ങളിൽ ഭക്ഷണം കഴിക്കാനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ പോകുന്നവരെ തടയുന്നത് പ്രദേശത്തെ വ്യാപാരികളെയും ഹോട്ടൽ – റിസോർട്ട് മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കും.

 

കാട്ടിക്കുളം – തോൽപ്പെട്ടി റൂട്ടിൽ വനം വകുപ്പിന്റെ അനാവശ്യ വാഹന തടയൽ ഉടൻ അവസാനിപ്പിക്കുക, മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് എന്ന പോലെ തോൽപ്പെട്ടിയിലേക്ക് പോകുന്ന പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും തടസ്സമില്ലാത്ത യാത്ര അനുവദിക്കുക, ഇത് സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശം നൽകുക എന്നീ ആവശ്യങ്ങൾ അസോസിയേഷൻ മുന്നോട്ടുവെച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടവും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി. മഹേഷ്, എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, കെ. എക്സ്. ജോർജ്, സി.കെ. സുജിത്ത്കുമാർ, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസിർ, കെ. ഷാനു, ജോൺസൺ ജോൺ, എം. ബഷീർ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *