സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം
കൽപ്പറ്റ: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി. മാനന്തവാടി, മീനങ്ങാടി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.
ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡ് ജേതാവ് കെ.സി. സർഹാൻ കാസർകോട് നിന്ന് തെളിച്ച ദീപശിഖ കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് വയനാട്ടിലെത്തിയത്. മാനന്തവാടി ജി.വി.എച്ച്.എസ് സ്കൂളിൽ ദേശീയ ഗുസ്തി താരങ്ങളും വിദ്യാർഥികളുമായ ഇഷാന, അമർ, നോയൽ, ജുഡ് സിയ, ദേശീയ ഷൂട്ടിങ് താരം ശിവദർശ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് ജനപ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ, എസ്.പി.സി അംഗങ്ങൾ എന്നിവരുടെ അകമ്പടിയോടെ സ്വീകരണ വേദിയിലെത്തിച്ചു. കായികമേളയുടെ ഭാഗ്യചിഹ്നമായ കുട്ടുവും റാലിയെ അനുഗമിച്ചു.
മാനന്തവാടിയിൽ നടന്ന സ്വീകരണയോഗം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, കൗൺസിലർ പി.കെ. ഹംസ, പി.ടി.എ പ്രസിഡന്റ് എൻ.ജെ. ഷജിത്ത്, പ്രിൻസിപ്പൽ പി.സി. തോമസ്, ഹെഡ്മാസ്റ്റർ കെ.കെ. സുരേഷ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
മീനങ്ങാടിയിലും കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലും ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. കൽപ്പറ്റയിൽ നടന്ന പരിപാടിയിൽ സംസ്ഥാന കായിക വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളായ മൊയ്തീനും ജോസും ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.വി. ശശീന്ദ്രൻ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ പി.എ. ജലീൽ, കായികാധ്യാപകൻ അരുൺ ടി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും ദീപശിഖാ പ്രയാണവും ഒക്ടോബർ 25ന് കോഴിക്കോട് സംഗമിക്കും. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെയാണ് നടക്കുന്നത്.




Leave a Reply