ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി വയനാടിന്റെ സ്കേറ്റിംഗ് താരങ്ങൾ
കൽപ്പറ്റ: സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 3,000 മീറ്റർ റിലേ മത്സരത്തിൽ സിൽവർ മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ വയനാടിന്റെ താരങ്ങൾ. ബത്തേരി സ്വദേശിയും ഗ്രീൻ ഹിൽ സ്കൂൾ വിദ്യാർത്ഥിയുമായ എൽവിൻ അഗസ്റ്റിൻ ജോസഫ്, മീനങ്ങാടി സ്വദേശിയും ഗ്രീൻ ഹിൽ സ്കൂൾ വിദ്യാർത്ഥിയുമായ ശ്രാവൺ എച്ച് , മീനങ്ങാടി സ്വദേശിയും ബത്തേരി ഭാരതീയ വിദ്യാ ഭവൻ വിദ്യാർത്ഥിയുമായ കാശിനാഥ് എം ഡി എന്നിവരാണ് വയനാടിന് വേണ്ടി മെഡൽ കരസ്ഥമാക്കിയത്. താരങ്ങൾ സ്കേറ്റിംഗ് പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും നേടിയ ഈ വിജയം വയനാടിന് അഭിമാനകരമാണെന്ന് എയിംസ്വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ. റിപ്പൺ പറഞ്ഞു.
ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നും യോഗ്യത നേടിയ 29 പേര് വിവിധ ഇനങ്ങളിലായി വയനാടിന് വേണ്ടി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. ഒക്ടോബർ 24 മുതൽ 27 വരെ പെരുമ്പാവൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആയിരത്തിൽ പരം മത്സരാർഥികൾ പങ്കെടുത്തു.
സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയിലേക്ക് ആദ്യമായിട്ടാണ് ഒരു മെഡൽ നേടാൻ സാധിച്ചത്.അബി ഇസ്മയിൽ എന്നവരുടെ കീഴിൽ ഒരു വർഷം പരിശീലനം നേടിയിട്ടാണ് താരങ്ങൾ വിജയം കരസ്ഥമാക്കിയത്.ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വയനാടിന്റെ യശസ്സ് ഉയർത്താൻ താരങ്ങൾക്ക് കഴിയട്ടെയെന്നും എയിംസ്വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, ഡയറക്ടർമാരായ ഷമീൽ പി കെ, സന്ദീപ് സെബാസ്റ്റ്യൻ, ജോണി കെവി എന്നിവർ അറിയിച്ചു.




Leave a Reply