വയോജന സംരക്ഷണ നിയമം തുണച്ചു: ഭാര്യബന്ധുക്കൾ തട്ടിയെടുത്ത ഭൂമിയും വീടും വൃദ്ധന് തിരികെ ലഭിച്ചു
മാനന്തവാടി: ഭാര്യബന്ധുക്കൾ കബളിപ്പിച്ച് കൈവശപ്പെടുത്തിയ വീടും ഒരേക്കർ 28 സെൻറ് സ്ഥലവും വയോജന സംരക്ഷണ നിയമത്തിന്റെ പിൻബലത്തിൽ റിട്ട. കോളേജ് ജീവനക്കാരനായ തേനോത്തുമ്മൽ ഗോപാലൻ നമ്പ്യാർക്ക് തിരികെ ലഭിച്ചു. മാനന്തവാടി ഗവൺമെൻ്റ് കോളേജ് ലൈബ്രറി അറ്റൻഡന്റായി വിരമിച്ച പാലിയാണയിലെ തേനോത്തുമ്മൽ തറവാട്ടിലെ താമസക്കാരനാണ് ഗോപാലൻ നമ്പ്യാർ.
മക്കളില്ലാതിരുന്ന ഗോപാലൻ നമ്പ്യാരുടെയും ഭാര്യ സൗദാമിനിയുടെയും സംരക്ഷണം ഏറ്റെടുക്കാമെന്ന പേരിൽ സൗദാമിനിയുടെ സഹോദരമകൾ ശൈബയും ഭർത്താവ് ഹരിദാസും ചേർന്ന് 2017 മുതൽ 2024 വരെയുള്ള കാലയളവിലാണ് വസ്തുവും വീടും വഴിയും അടക്കം സ്വന്തം പേരിലാക്കിയത്. 2017-ൽ ഭാര്യയ്ക്ക് പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് ഇവർ നീലേശ്വരത്തുള്ള ശൈബയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ 86-ാം വയസ്സിലും രോഗിയായ ഭാര്യയെ പരിചരിക്കേണ്ടി വരികയും സാമ്പത്തിക ചൂഷണവും ശാരീരിക അവശതകളും നേരിടുകയും ചെയ്ത ഗോപാലൻ നമ്പ്യാർക്ക് അർഹമായ പരിരക്ഷ ലഭിച്ചില്ല. തുടർന്ന് സഹോദരി ഇദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. 2025-ൽ സൗദാമിനി മരിച്ചതോടെ ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധവും അവസാനിച്ചു.
കിടപ്പാടം നഷ്ടപ്പെട്ട് ശാരീരികമായി തളർന്ന ഗോപാലൻ നമ്പ്യാർ പെൻഷൻ അസോസിയേഷൻ ഭാരവാഹിയായ പുരുഷോത്തമൻ മാസ്റ്ററുടെ സഹായത്തോടെയാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള ട്രൈബ്യൂണലിനെ സമീപിച്ചത്. മാനന്തവാടി റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റിനു മുന്നിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ, 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമനിയമം സെക്ഷൻ 23(1) പ്രകാരം എതിർകക്ഷികൾ കൈവശപ്പെടുത്തിയ നാല് ആധാരങ്ങളും അസാധുവാക്കി റദ്ദ് ചെയ്യാൻ ട്രൈബ്യൂണൽ ചെയർമാൻ കൂടിയായ ആർ.ഡി.ഓ. അതുൽ സാഗർ ഐ.എ.എസ്. വെള്ളമുണ്ട സബ് രജിസ്ട്രാർക്ക് ഉത്തരവ് നൽകി. ആലംബഹീനരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസകരമായ വിധി പ്രസ്താവിച്ച ആർ.ഡി.ഓ. അതുൽ സാഗർ ഐ.എ.എസ്സിനെയും, കേസിന് സഹായം നൽകിയ കെ.എസ്.എസ്.പി.യു. ഭാരവാഹി പുരുഷോത്തമൻ മാസ്റ്ററെയും പൗരസമിതി അഭിനന്ദിച്ചു.




Leave a Reply