‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു
കൽപ്പറ്റ: സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതർക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ സേവനങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ‘സഹനം മതി ഇനി ശബ്ദമുയർത്താം – സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. സ്പീക്ക് അപ്പ് നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് വിഭാഗം ഡിവൈ.എസ്.പി.യുമായ മനോഹരൻ. ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ.പി. പരിശീലന ക്ലാസ് നയിച്ചു. കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സിൻഷ, എ.എസ്.ഐ.മാരായ ജാൻസി ജോസ്, ഷെറീന എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വുമൺ സേഫ്റ്റി ഓഫീസർമാരും വുമൺ സേഫ്റ്റി എസ്.ഐ.മാരും പരിപാടിയിൽ പങ്കെടുത്തു. ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുക, അതിജീവിതർക്ക് സമയബന്ധിതമായ ഇടപെടലും വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.




Leave a Reply