വിനോദയാത്രയ്ക്കിടെയിലെ മദ്യപാനം; പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുമെതിരെ കർശന നടപടിവേണമെന്ന് എസ്എഫ്ഐ
കൽപ്പറ്റ: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിന്റെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച പ്രിൻസിപ്പൽ ഷിബി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് എസ് ഹാജിസ് എന്നിവർക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപകരും രക്ഷിതാക്കളുടെ പ്രതിനിധികളും ചേർന്ന് വിനോദയാത്ര മദ്യപാന ഉത്സവമാക്കിയത് അംഗീകരിക്കാൻ കഴിയില്ല. മുൻപും വിദ്യാർത്ഥിയുടെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഷിബി കൃഷ്ണനെതിരെ ഗുരുതരമായ ആരോപണമുണ്ട്. ഇത്തരം കുറ്റകരമായ പ്രവണതകൾ കാണിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.
വിനോദയാത്രാ വേളയിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന രീതിയിലാണ് പെരുമാറിയത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പും പൊലീസും തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് എസ്എഫ്ഐ നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.




Leave a Reply