October 30, 2026

വയനാടിന്റെ അഭിമാനം; ആദി കൈലാസ് മാരത്തണിൽ ഒന്നാം സ്ഥാനം നേടി തോമസ് പള്ളിത്താഴത്ത്

0
IMG-20261030-WA0374
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഹിമാലയത്തിന്റെ കൊടുംതണുപ്പിലും കുത്തനെയുള്ള മലമ്പാതകളിലും 42 കിലോമീറ്റർ ഓടിത്തീർത്ത് ആദി കൈലാസ് മാരത്തണിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ തോണിച്ചാൽ ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത്ത് ഒന്നാം സ്ഥാനം നേടി. ഉത്തരാഖണ്ഡ് സർക്കാരും ടൂറിസം വകുപ്പും ചേർന്ന് ഒക്ടോബർ 24ന് സംഘടിപ്പിച്ച മത്സരത്തിൽ നാല് മണിക്കൂർ 24 മിനിറ്റ് 14 സെക്കൻഡിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലെ വിജയിയേക്കാൾ മികച്ച സമയം സ്വന്തമാക്കിയ തോമസ്, 50,000 രൂപയാണ് ഒന്നാം സമ്മാനമായി നേടിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 15,000 അടി ഉയരത്തിൽ മൈനസ് എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്‌ന്ന അതികഠിനമായ കാലാവസ്ഥയിൽ ഉത്തരാഖണ്ഡ് സ്വദേശികളും സൈനികരും ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ഈ വിജയം. ഒക്ടോബർ 18ന് നടന്ന വേദാന്ത ഡൽഹി ഹാഫ് മാരത്തണിലും അദ്ദേഹം പ്രായവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തോണിച്ചാൽ എമ്മാവുസ് വില്ല സ്പെഷ്യൽ സ്കൂ‌ളിൽ ജീവനക്കാരനായ തോമസ്, പുലർച്ചെ നാലിന് ഉണർന്നു വീടിനടുത്തുള്ള കയറ്റങ്ങൾ ഓടിക്കയറി നടത്തിയ കഠിനമായ പരിശീലനമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ. ഭാര്യ ലില്ലി തോമസും മക്കളായ അശ്വതിയും അനു തോമസും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും അദ്ദേഹത്തിന് കരുത്തായി. പ്രായം തടസ്സമല്ലെന്ന് തെളിയിച്ച തോമസിന്റെ ഈ വിജയം വയനാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *