അശരണർക്കായി കൈകോർത്തു നാട്; ചായപ്പയറ്റിലൂടെ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ചത് 28 ലക്ഷം
കൽപറ്റ: നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ഫണ്ട് ശേഖരണാർഥം നടത്തിയ ചായപ്പയറ്റ് വൻ വിജയം. അശരണരെ സഹായിക്കാനായി നൂറകണക്കിന് ആളുകളാണ് കൽപ്പറ്റ യെസ് ഭാരത് ഗ്രൗണ്ടിൽ ശനിയാഴ്ച ഒരുക്കിയ ചായപ്പയറ്റിൻ്റെ പന്തലിലേക്ക് വന്നത്. ചായയും ചെറുകടകളും ജ്യൂസും കഴിച്ചവർ വലുതും ചെറുതുമായ സംഖ്യകളാണ് നൽകിയത്. ഇത്തര ത്തിൽ ഒറ്റദിനം കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നാട് നൽകിയത് 28 ലക്ഷം രൂപയാണ്. ഈ തുക സൊസൈറ്റിയുടെ വിവിധ സേവനസഹായ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഗൂഢലായി കുന്നിലെ കാഞ്ഞായി ജലീലിന്റെയും റാഷിദയുടെയും മൂന്നുവയസ്സുകാരൻ മകൻ തമീം അക്മൽ തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ച് പണം ഭാരവാഹികൾക്ക് കൈമാറി.
14 വർഷമായി മാതൃകാപരമായ നിരവധി പദ്ധതികളാണ്സൊസൈറ്റി നടത്തുന്നത്. ‘സ്പർശ്’ എന്ന പേരിൽ ഒട്ടിസം ബാധിതരായ 86 പേർക്ക് മാസം തോറും 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് പ്രധാനപ്പെട്ടത്. കൈനാട്ടി സർക്കാർ ജനറൽ ആശുപത്രിയിലെ ഭക്ഷണവിതരണം, രോഗികൾക്ക് സൗജന്യ മരുന്നുവിതരണം, പാലിയേറ്റിവ് ഹോം കെയർ വളൻറിയർ സേവനം, അർഹരായ രോഗികൾക്ക് സാമ്പത്തിക സഹായം, ആരോഗ്യ ഉപകരണങ്ങൾ നൽകൽ, അർഹരായ പെൺകുട്ടികളുടെ വിവാഹത്തിന് സ്വർണ്ണാഭരണമടക്കം നൽകുന്ന ‘മാംഗല്യം’ പദ്ധതി, ഭക്ഷ്യകിറ്റ് വതരണം, വളണ്ടിയർ സേവനം തുടങ്ങിയവയാണ് സൊസൈറ്റി നടത്തുന്നത്.
ചായപയറ്റിനെത്തിയ മനുഷ്യസ്നേഹികൾ മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓട്ടിസം ബാധിതരായ 52 കുട്ടികളെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഏറ്റെടുത്തു. പത്ത് കുടുംബത്തിന് മാസം തോറും ഭക്ഷ്യകിറ്റ് നൽകുന്നത് വയനാട് മില്ലേനിയം സ്റ്റാർഴ്സ് ഗാനമേള ട്രൂപ്പ് ഏറ്റെടുത്തു. ചാരിറ്റബിൾ സൊസൈറ്റി വളൻറിയർമാർക്ക് പുത്തൻ യൂനിഫോം അഡ്വ. പി. ചാത്തു കുട്ടി നൽകും. ഓട്ടിസം ബാധിതരായ കുട്ടികളുടെ ദന്തചികിത്സ ഡോ. നൗഷാദ് പള്ളിയാൽ ഏറ്റെടുത്തു.
കൃഷി മന്ത്രി അഡ്വ ടി. സിദ്ദീഖാണ് ചായപ്പയറ്റ് ഉദ്ഘാടനം ചെയ്തത്. ടി ഫോർ ചാരിറ്റി സംഘാടക സമിതി ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഹംസ, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, കൽപറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ, മുൻ ഇന്ത്യൻ ദേശീയ റഫറി എസ്. രാമചന്ദ്രൻ, മുൻ ഇന്ത്യൻ യൂനിവേഴ്സിറ്റി താരം എം.കെ. പ്രഹ്ളാദൻ, മുൻ ഇന്ത്യൻ ഫുട്ബാൾ ഗോൾ കീപ്പർ റിട്ട. എസ്.പി കെ.ടി ചാക്കോ, മുൻ ഇ ന്ത്യൻ ഇന്റർനാഷനൽ ഫുട്ബാൾ താരം കെ. അജയൻ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുമുള്ള നിരവധി പേരാണ് ചായപ്പയറ്റിനായി എത്തിയത്. സംഘാടകസമിതി ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ സ്വാഗതവും കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.പി. ബഷീർ നന്ദിയും പറഞ്ഞു.




Leave a Reply