November 6, 2026

മീനങ്ങാടി ഗവ. സ്കൂളിലെ അധ്യാപകൻ ബാറിൽ മദ്യപിച്ചത് അച്ചടക്ക ലംഘനം; സർവീസിൽ നിന്ന് പുറത്താക്കണം: കെഎസ്‌യു

0
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മീനങ്ങാടി ഗവ. സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ വിനോദയാത്രയ്ക്കിടെ അധ്യാപകൻ ബാറിൽ കയറി മദ്യപിച്ച സംഭവം ഗുരുതര അച്ചടക്ക ലംഘനമാണെന്നും, കുറ്റാരോപിതനായ അധ്യാപകനെ സർവീസിൽ നിന്ന് അടിയന്തരമായി പുറത്താക്കണമെന്നും കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപകൻ ബാറിൽ കയറി മദ്യപിക്കുന്നതിൻ്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ സഹിതം തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും കെഎസ്‌യു.

ഇത്തരമൊരു ഗുരുതരമായ തെളിവ് പൊതുസമൂഹത്തിന് മുന്നിലുള്ള സാഹചര്യത്തിൽ, ഒരു നിമിഷം പോലും ഈ വ്യക്തിക്ക് അധ്യാപക ജോലിയിൽ തുടരാൻ യാതൊരു അർഹതയുമില്ല. അധ്യാപക സമൂഹത്തിനാകെ അപമാനകരമായ പ്രവൃത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഇതിനുപുറമെ, സ്കൂ‌ളിലെ വിദ്യാർത്ഥികളെ മാനസികമായി ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്‌ത സുനിൽ എന്ന അധ്യാപകനെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌ത്‌ അന്വേഷണം പ്രഖ്യാപിക്കണം. വിനോദയാത്രയിൽ പങ്കെടുത്ത കുട്ടികൾക്കുണ്ടായ മാനസിക വിഷമത്തിന് ഉത്തരവാദികളായവർ വിദ്യാർത്ഥികളോടും അവരുടെ രക്ഷിതാക്കളോടും പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും കെഎസ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ സുരക്ഷയും മാന്യതയും ഉറപ്പുവരുത്തേണ്ട അധ്യാപകരിൽ നിന്ന് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കുറ്റക്കാരായ അധ്യാപകർക്കെതിരെ ശക്തമായ വകുപ്പുതല നടപടികളും നിയമനടപടികളും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കെഎസ്‌യു നേതൃത്വം നൽകുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *