വിനോദയാത്രാ വിവാദം: മീനങ്ങാടി സ്‌കൂൾ അധ്യാപകനും പിടിഎ പ്രസിഡന്റും ബാറിലെത്തിയ ദൃശ്യങ്ങൾ പുറത്ത്; കൂടുതൽ തെളിവുകളുമായി യുഡിഎഫ്
മീനങ്ങാടി: വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ ഡിഫൻസ് വാദവുമായി രംഗത്തെത്തിയ പി.ടി.എ പ്രസിഡന്റിനെയും പ്രധാന അധ്യാപകനെയും പ്രതിരോധത്തിലാക്കി ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മീനങ്ങാടി സ്‌കൂളിലെ പ്രധാന അധ്യാപകൻ ഷിവി കൃഷ്ണനും പി.ടി.എ പ്രസിഡന്റ് ഹാജിസ് ഉള്ളാടനും ഹൈദരാബാദ് നമ്പള്ളിയിലെ ‘ബോംബെ ബാർ ആൻഡ് റെസ്റ്റോറന്റിൽ’ കയറി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും, ബാറിൽ മദ്യപിച്ച ശേഷം പണം നൽകിയതിന്റെ യു.പി.ഐ സ്‌ക്രീൻഷോട്ടുകളുമാണ് യു.ഡി.എഫ് പ്രവർത്തകർ പുറത്തുവിട്ടത്. വയറുസംബന്ധമായ അസുഖത്തിന് കഴിച്ച മരുന്നിന്റെ ഗന്ധമാണ് കുട്ടികൾ തെറ്റിദ്ധരിച്ചതെന്നും താൻ മദ്യപിച്ചിട്ടില്ലെന്നുമുള്ള പി.ടി.എ പ്രസിഡന്റിന്റെ വിശദീകരണം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് പുതിയ ദൃശ്യങ്ങൾ. രാഷ്ട്രീയം പറഞ്ഞാണ് അധ്യാപകന്റെ സ്ഥലംമാറ്റത്തിനെതിരെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ഒരുവിഭാഗം വിദ്യാർഥികളും പ്രതിഷേധിച്ചിരുന്നത്. എന്നാൽ, അധ്യാപകനും പി.ടി.എ പ്രസിഡന്റും ബാറിലെത്തിയതിൻ്റെ കൃത്യമായ തെളിവുകൾ പുറത്തുവന്നതോടെ സ്കൂളിലെ വിനോദയാത്രാ വിവാദം പുതിയ തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.




Leave a Reply