ലഹരിക്കെതിരെ ‘കേരളത്തോൺ’ കൂട്ടയോട്ടം; വയനാട്ടിൽ ആവേശകരമായ സ്വീകരണം
കൽപ്പറ്റ: ലഹരിക്കെതിരെയുള്ള ശക്തമായ ബോധവൽക്കരണ സന്ദേശവുമായി കാസർകോട് നിന്ന് തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ‘കേരളത്തോൺ’ കൂട്ടയോട്ടത്തിന് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. മൂന്നാം ദിവസത്തെ പര്യടനം മാനന്തവാടിയിൽ നിന്ന് രാവിലെ 4:30-ന് ആരംഭിച്ച് 10 മണിയോടെ കൽപ്പറ്റയിൽ സമാപിച്ചു. വയനാട്ടിലെ 8 റോട്ടറി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഓട്ടക്കാരെ ജില്ലയിലേക്ക് സ്വാഗതം ചെയ്തത്.
കുട്ടികളിലും സമൂഹത്തിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുമരകം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം 42 കിലോമീറ്റർ വീതം സ്ഥിരമായി ഓടുന്ന 14 പ്രധാന ഓട്ടക്കാരും, പ്രാദേശികമായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഒപ്പുകൂടുന്ന അമ്പതിലധികം പേരും ഈ കൂട്ടയോട്ടത്തിൽ പങ്കാളികളാകുന്നുണ്ട്. ഓട്ടത്തിനിടയിലെ ഇടവേളകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് സംഘം മുന്നേറുന്നത്.
കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ കൂട്ടയോട്ടം ഈ മാസം 14-ന് തിരുവനന്തപുരത്ത് സമാപിക്കും. ഓരോ ജില്ലയിലും 42.2 കിലോമീറ്റർ വീതം ആകെ 590 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഈ ദൗത്യം പൂർത്തിയാക്കുന്നതെന്ന് കേരളത്തോൺ സംഘാടകനും കുമരകം റോട്ടറി പ്രസിഡന്റുമായ മധു കുമരകം അറിയിച്ചു. കൽപ്പറ്റയിൽ നടന്ന സമാപന സമ്മേളനത്തിൽ വയനാട് ജില്ലാ റോട്ടറി ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോർഡിനേറ്റർ സണ്ണി വിളക്കുന്നേൽ അധ്യക്ഷത വഹിക്കുകയും ഡോ. ടി.പി.വി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ ജോസ് മാത്യു, ഡോ. സാജൻ പണിക്കാർ, ജോജി മോൻ, ക്രിസ്റ്റി പോൾ, സാജൻ കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply