ബാണാസുര സാഗർ പദ്ധതി പൂർത്തിയാക്കി ജലസേചനം ഉറപ്പാക്കണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: പണി തുടങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൂർത്തിയാകാത്ത ബാണാസുര സാഗർ ജലസേചന പദ്ധതി എത്രയും വേഗം പൂർത്തിയാക്കി കർഷകർക്ക് പ്രയോജനപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും പദ്ധതി പ്രദേശത്തെ നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമി വരണ്ടുണങ്ങി കിടക്കുകയാണ്. പടിഞ്ഞാറത്തറ, വെണ്ണിയോട് എന്നീ രണ്ടു പ്രധാന ബ്രാഞ്ച് കനാലുകളിലൂടെയും വിവിധ ഡിസ്ട്രിബ്യൂട്ടറികളിലൂടെയും വെള്ളമെത്തിച്ച് 2800 ഹെക്ടറിൽ രണ്ടും മൂന്നും വിളകളിറക്കാൻ വിഭാവനം ചെയ്ത് കോടികൾ മുടക്കിയ പദ്ധതിയാണ് നിലവിൽ നോക്കുകുത്തിയായി കിടക്കുന്നത്. പുഴകളിൽ ആവശ്യത്തിന് തടയണകളില്ലാത്തതിനാൽ ഡാം തുറന്നാൽ വെള്ളം കർണ്ണാടകത്തിലേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര കർഷക സംഘം വൈസ് പ്രസിഡന്റ് മണക്കോടൻ അന്ത്രു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. തോട്ടവിള ഫെഡറേഷൻ സംസ്ഥാന ചെയർമാൻ അഡ്വ. എൻ. ഖാലിദ് രാജ മുഖ്യപ്രഭാഷണം നടത്തി. വന്യജീവി ആക്രമണ നഷ്ടപരിഹാരവും വിളനാശ നഷ്ടപരിഹാരവും ഇരട്ടിയായി വർദ്ധിപ്പിച്ച യു.ഡി.എഫ് സർക്കാറിനെ യോഗം അഭിനന്ദിച്ചു. കർഷകരോടുള്ള സർക്കാറിന്റെ പ്രതിബദ്ധതയും കരുതലും വിളിച്ചോതുന്ന ഇടപെടലാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ജില്ലാ സ്പെഷൽ കൺവൻഷന്റെയും ജില്ലാ കവുങ്ങ് കർഷക സംഗമത്തിന്റെയും മുന്നോടിയായി നവംബർ 14 ശനിയാഴ്ച മൂന്ന് മണ്ഡലങ്ങളിലും സ്പെഷൽ കൺവെൻഷൻ ചേരാനും യോഗം തീരുമാനിച്ചു. വി. അസൈനാർ ഹാജി, മായൻ ഹാജി മുതിര, കല്ലിടുമ്പൻ ഹംസ ഹാജി, ലത്തീഫ് അമ്പലവയൽ, കെ.ടി. കുഞ്ഞബ്ദുല്ല, സി. മുഹമ്മദ്, ബഷീർ നായ്ക്കട്ടി, അലവി വടക്കേതിൽ, അബുബക്കർ ഹാജി തന്നാണി, സലീം കേളോത്ത്, അസീസ് കരേക്കാടൻ, ഉസ്മാൻ പള്ളിയാൽ, ഖാലിദ് വേങ്ങൂർ, ശംസുദ്ദീൻ ബിദർക്കാട് എന്നിവർ സംസാരിച്ചു.




Leave a Reply