ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ്
മേപ്പാടി: ലോകം വംശീയതയെയും വിദ്വേഷരാഷ്ട്രീയത്തെയും എതിർക്കുകയാണെന്നും അതാണ് അമേരിക്കയിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ തെളിഞ്ഞതെന്നും ജമാഅത്തെ ഇസ്ലാമി കേന്ദ്രപ്രതിനിധി സഭാഗം എം. ഐ അബ്ദുൽ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മേപ്പാടി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയതയും വെറുപ്പുമാണ് ഇന്ത്യയിലും ഭരണവർഗം പ്രയോഗിക്കുന്നതെന്നും അമേരിക്കയിലെ തന്റെ ഫ്രണ്ടിൽ നിന്ന് പ്രധാനമന്ത്രി മോദി യു.എസ് തിരഞ്ഞെടുപ്പ് ഫലം പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക നീതിയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന പുതിയ സമൂഹനിർമിതിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമാണെന്നും, സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ വ്യക്തികളുടെയും കൂട്ടായ്മകളുടെയും ഉത്തരവാദിത്വപൂർണമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അകൽച്ചകൾ ഇല്ലാതാക്കാനും പരസ്പര വിശ്വാസവും സഹകരണവും ശക്തിപ്പെടുത്താനും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും ജമാഅത്തെ ഇസ്ലാമി ആ ദൗത്യമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് വി.വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയം വി.പി ഷൗക്കത്തലി അവതരിപ്പിച്ചു. പാനൽ ചർച്ച ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് സി.കെ സമീർ നിയന്ത്രിച്ചു. തുടർന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് സമാപന പ്രസംഗം നിർവ്വഹിച്ചു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പി.കെ ജമീല ടീച്ചർ, ജനറൽ സെക്രട്ടറി ഒ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ മുജീബ് റഹ്മാൻ സ്വാഗതവും ഏരിയാ സെക്രട്ടറി എ. ഹസ്സൻ നന്ദിയും പറഞ്ഞു.




Leave a Reply