അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു
കൊടുവള്ളി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ രക്ഷാകർതൃത്വത്തിന്റെ പുതിയ വെല്ലുവിളികളും സാധ്യതകളും പ്രതിപാദിക്കുന്ന അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ് – ദ ആർട്ട് ഓഫ് പാരന്റിംഗ് ഇൻ ദ എ.ഐ. ഇറ’ എന്ന പുസ്തകം പ്രമുഖ സാഹിത്യകാരൻ പി. കെ. പാറക്കടവ് പ്രകാശനം ചെയ്തു. ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൊടുവള്ളി കോപ്പറേറ്റീവ് മിനി ഓഡിറ്റോറിയത്തിലാണ് നടന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ചയിൽ മാതാപിതാക്കൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചാണ് പുസ്തകം ചർച്ച ചെയ്യുന്നത്. ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾ, കുട്ടികളിലെ ജീവിതനൈപുണ്യ വികസനം, കുടുംബബന്ധങ്ങളുടെ പ്രാധാന്യം, ആത്മവിശ്വാസം വളർത്തൽ, സ്നേഹവും അച്ചടക്കവും സമന്വയിപ്പിച്ചുള്ള രക്ഷാകർതൃത്വം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ആധുനിക കാലത്തെ രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ ഗ്രന്ഥകാരനും എൽ.ഐ.എസ്.ആർ സ്ഥാപക ഡയറക്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി, എഴുത്തുകാരി ജിൽന കെ.കെ., ജിനോ കുര്യൻ, മൂസ എ.പി. തുടങ്ങിയവർ സംബന്ധിച്ചു.




Leave a Reply