വ്യാപാരി വ്യവസായി സഹകരണ സംഘം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഏകോപന സമിതി
പുൽപ്പള്ളി: വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വ്യാപാര ഭവനിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 1997 മുതൽ വ്യാപാരി സമൂഹത്തിന്റെ നന്മയ്ക്കായി പുൽപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സൊസൈറ്റിയെ സ്വാർത്ഥ താല്പര്യങ്ങൾക്കായി വ്യാപാരികളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പഞ്ചായത്ത് ലൈസൻസുള്ള വ്യാപാരികൾക്ക് മാത്രം അംഗത്വം നൽകി അവരുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തെ, മെമ്പർമാരെ അറിയിക്കാതെയും ജനറൽബോഡി വിളിച്ച് ചർച്ച ചെയ്യാതെയും മാറ്റാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഭാരവാഹികൾ ആരോപിച്ചു.30 വർഷത്തോളമായി വ്യാപാര ഭവനിൽ പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് മുഴുവൻ ഫർണിച്ചർ വർക്കുകളും ചെയ്തു നൽകിയിരുന്നതായും ഇപ്പോഴും ദിവസേന 650 രൂപ വാടകയ്ക്കാണ് അവിടെ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി. പാർക്കിംഗും സൗകര്യങ്ങളുമില്ലെന്ന പേരിൽ, പാർക്കിംഗ് സൗകര്യം തീരെ ഇല്ലാത്ത മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പ്രവർത്തനം മാറ്റുന്നത് സൊസൈറ്റിയുടെ നന്മയ്ക്ക് വേണ്ടിയല്ലെന്ന് യോഗം വിലയിരുത്തി. ജനറൽബോഡി വിളിക്കാൻ ഭയപ്പെടുന്ന ഭരണസമിതി, തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം കാലാവധി ബാക്കിയുള്ളപ്പോൾ മെമ്പർമാരെ വെല്ലുവിളിച്ചുകൊണ്ടാണ് സൊസൈറ്റിക്ക് ഭീമമായ ബാധ്യത വരുത്തിവെക്കുന്ന ഈ തീരുമാനം നടപ്പാക്കുന്നത്.ഏകോപന സമിതിയുടെ പാനലിൽ മത്സരമില്ലാതെ ഡയറക്ടർ ബോർഡിൽ എത്തിയ ചിലർ നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളെ എതിർത്തതിന്റെ പേരിലാണ് സംഘടനയുമായി ഭിന്നിച്ച് സൊസൈറ്റിയെ തകർക്കാൻ ശ്രമിക്കുന്നത്. ജനറൽബോഡി ചേർന്ന് തീരുമാനമെടുത്ത ശേഷം മാത്രമേ സൊസൈറ്റി മാറ്റാവൂ എന്ന് ആവശ്യപ്പെട്ടിട്ടും അവിശുദ്ധ കൂട്ടുകെട്ടിലൂടെ മാറ്റാനുള്ള അനുമതി വാങ്ങിയെടുക്കുകയായിരുന്നു. ഇതിനെതിരെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും സഹകരണ വകുപ്പിൽ പരാതി നൽകുകയും ചെയ്തിട്ടും, കാനറാ ബാങ്ക് പോലും ഉപേക്ഷിച്ചു പോയ കെട്ടിടത്തിലേക്ക് സൊസൈറ്റി മാറ്റുകയാണ് ഉണ്ടായത്. സാമ്പത്തിക ക്രമക്കേടുകൾക്കും സംഘടനാ വിരുദ്ധ പ്രവർത്തനത്തിനും ശിക്ഷാ നടപടികൾക്ക് വിധേയരായവരുടെ നേതൃത്വത്തിലാണ് സൊസൈറ്റിയെ വ്യാപാരികളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ അജിമോൻ കെ.എസ്, ഷാജിമോൻ നീലിമ, കെ.എ. സ്കറിയ, കെ.വി. റഫീക്ക്, സജി വർഗീസ്, ബാബു രാജേഷ്, ഗിരീഷ് വർണ്ണം, ജോസ് പി.എം, സതീഷ്, ബാബു എം.വി, എം.ജെ. ഉലഹന്നാൻ, സലീൽ പൗലോസ്, കെ. ജോസഫ്, വേണുഗോപാൽ, പൈലി പി.എം, മനൂപ്, ശ്രീകുമാർ, പ്രഭാകരൻ, പ്രസന്നകുമാർ, നിതിൻ പെർഫെക്റ്റ് എന്നിവർ പ്രസംഗിച്ചു.




Leave a Reply