ബെന്നി ചെറിയാന്റെ നിരാഹാരം ;പി വി അൻവർ എം എൽ എ സന്ദർശിച്ചു
പനമരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പനമരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗമായ ബെന്നി ചെറിയാൻ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ആശുപത്രിയിലും തുടരുന്നു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിരാഹാരസമരം നടത്തിയ ബെന്നി ചെറിയാനെ കഴിഞ്ഞ ദിവസം മാനന്തവാടി മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു.
തുടർന്നാണ് ആശുപത്രിയിലും അദ്ദേഹം നിരാഹാര സമരം അനുഷ്‌ടിക്കുന്നത്. ഇതിനിടെ ഇന്നലെ പി.വി.അൻവർ എംഎൽഎ ആശുപത്രിയിലെത്തി ബെന്നിക്ക് പിന്തുണയറിയിച്ചു. ബെന്നിയുടെ ആവശ്യങ്ങൾ ന്യായവും യുക്തവുമാണെന്നും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ താൻ അക്കാര്യം പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സുഹൃത്തായതിനാലാണ് വന്നതെന്നും അൻവർ പറഞ്ഞു.
പഞ്ചായത്തിലെ അനധികൃത നിയമനത്തിനും അഴിമതിക്കും എതിരെയാണ് തന്റെ സമരമെന്നും പഞ്ചായത്തിനു മുൻപിൽ കഴിഞ്ഞ 2 ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച തന്നെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ഡിഎംഒയുടെ റിപ്പോർട്ട് പ്രകാരം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മെഡി ക്കൽ കോളജിലേക്ക് മാറ്റിയതെന്നും ബെന്നി ചെറിയാൻ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതടക്കം താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്നും ആശുപത്രിയിൽ നിന്ന് വിട്ടാൽ പഞ്ചായത്തിന് മുന്നിൽ വീണ്ടും സമരം തുടരുമെന്നും ബെന്നി പറഞ്ഞു. എന്നാൽ ഇന്നലെ രാവിലെ പതിനൊന്നരയോടെ പഞ്ചായത്തിന് മുന്നിൽ ബെന്നി നിരാഹാരസമരം നടത്തിയിരുന്ന സമരപ്പന്തൽ പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കിയിട്ടുണ്ട്.





Leave a Reply