ഭാര്യയുമായി മുഖീബിനു ബന്ധമെന്നു സംശയം, കൊന്ന് കഷ്ണങ്ങളാക്കി; കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ ജാഗ്രത
മാനന്തവാടി: സുഹൃത്തിനെ അതിഥി തൊഴിലാളി വെട്ടിമുറിച്ചതിനു പിന്നിൽ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമെന്നു പൊലീസ്. ഇന്നലെ രാത്രിയാണ് എടവക മൂളിത്തോട് പാലത്തിന് താഴെയും പരിസരത്തുമായി ബാഗുകളിലാക്കി ഉപേക്ഷിച്ച മൃതശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് (38) ആണു പ്രതി. ഇയാളെ തൊണ്ടർനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്ന് പോലീസ് ഇയാൾ താമസിച്ചിരുന്ന കോട്ടേഴ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതിയായ മുഹമ്മദ് ആരിഫ്, അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഖീബിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം അരഭാഗത്തുവച്ച് മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാർഡ് ബോർഡ് പെട്ടിയിലേക്കും മാറ്റുകയായിരുന്നുവെന്നാണു സൂചന. രക്തം പുറത്തു വരാതിരിക്കാനും ശ്രദ്ധിച്ചു. വെള്ളിലാടിയിൽ ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വച്ചാണ് കൊലപാതകം നടത്തിയത്. ശേഷം സുഹൃത്തായ അസം സ്വദേശിയുടെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി ബാഗും കാർഡ് ബോർഡ് ബോക്സും അതിൽ കയറ്റി മൂളിത്തോട് എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു.
സംശയം തോന്നിയ ഓട്ടോ ഡ്രൈവർ, ആരിഫിനെ തിരികെ ക്വാർട്ടേഴ്സിലെത്തിച്ച ശേഷം പൊലീസിൽ വിവരം അറിയിച്ചു. കൊലപാതകത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖീബിനു തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന ആരിഫിന്റെ സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണു പൊലീസ് നൽകുന്ന വിവരം. ആരിഫിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പുലർച്ചെയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെയിന്റിങ് തൊഴിലാളിയായിരുന്ന മുഖീബ് എടവക രണ്ടേനാലിലാണു താമസിച്ചിരുന്നത്.





Leave a Reply