June 19, 2026

ദുരിത ബാധിതർക്കൊപ്പമുള്ള ചേർന്ന് നിൽക്കലാണ് ലീഗിൻ്റെ രാഷ്ട്രീയം : റഷീദലി ശിഹാബ് തങ്ങൾ.

0
Img 20250206 080525
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ : എക്കാലത്തും ദുരന്ത ബാധിതരുടെയും പ്രയാസപ്പെടുന്നവരുടെയും ഒപ്പം ചേർന്ന് നിൽക്കുക എന്നതാണ് മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചൂരൽ മല – മുണ്ടക്കൈ ദുരന്ത ബാധിതർക്കായി പി ടി എച്ച് നടത്തുന്ന തുടർ ചികിത്സാ പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് സാന്ത്വന സന്ദേശം എത്തിക്കുകയെന്ന വലിയ ദൗത്യമാണ് പൂക്കോയ തങ്ങൾ ഹോസ്പിസ് നിർവഹിക്കുന്നത്. മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി അൽപകാലം കൊണ്ട് തന്നെ പി ടി എച്ച് മാറാനും കാരണമിത് തന്നെയാണ്. തങ്ങൾ കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപ സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായിട്ടുണ്ട്.
2024 ജൂലൈ 30 ന് പുലർച്ചെ ദുരന്തം ഉണ്ടായത് മുതൽ മുസ്ലിം ലീഗ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചൂരൽ മലയിലെ തകർന്ന പാലത്തിനു മുകളിലൂടെ സിപ് ലൈൻ വഴി മുണ്ടക്കൈ ഭാഗത്തുള്ള ദുരിതബാധിതർക്ക് ഭക്ഷണവും മരുന്നും പ്രഥമ ശുശ്രൂഷയും നൽകിയ 5 പേരിൽ 4 പേരും പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ പാലിയേറ്റീവ് കെയർ നഴ്സുമാരും വളണ്ടിയർമാരും ആയിരുന്നു.
ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം സപ്തംബർ 29 ന് പി ടി എച്ചിൻ്റെ നേതൃത്യത്തിൽ ഏകദിന മെഗാ ഹോം കെയർ ഡ്രൈവ് നടത്തിയിരുന്നു. പി ടി എച്ചിൻ്റെ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 34 ഹോം കെയർ വാഹനങ്ങളിലായി 34 നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, പരിശീലനം ലഭിച്ച വളണ്ടിയർമാർ, ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഹോം കെയറിൻ്റെ അപഗ്രഥന റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലും കൂടി യാണ് തുടർ ചികിത്സാ പദ്ധതി ഇത്രയും വ്യവസ്ഥാപിതമാക്കാൻ തീരുമാനിച്ചത്. പ്രസ്തുത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 80% ആളുകൾ Scatter ചെയ്യപ്പെട്ടിട്ടുണ്ട്.73% ന് കുടുംബത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. 20 % പേർക്ക് കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. 40 % പേരും പ്രമേഹ ബാധിതരാണ്. 28% മനുഷ്യർക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. 50 % പേർ ഇപ്പോഴും പല വിധ വേദനകൊണ്ട് പ്രയാസപ്പെടുന്നുണ്ട്. 45 % മനുഷ്യർക്ക് ഇപ്പോഴും ശരിയായ ഉറക്കം ലഭിക്കാറില്ല. മെഗാ ഹോം കെയർ റിപ്പോർട്ട് ഇക്കാര്യം വളരെ വ്യക്തമായി വരച്ച് കാണിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തുടർ ചികിത്സാ പദ്ധതിയുടെ വിപുലമായ രൂപരേഖ തയാറാക്കിയത്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ നിലവിൽ ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവരും അപകടത്തിൽ പരിക്ക് പറ്റിയവരും മാത്രമാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളാവുക.
കൂടാതെ ഗൃഹ കേന്ദ്രീകൃത പരിചരണനത്തിനാവശ്യമായ ഡോക്ടർ, നഴ്സ്, വളണ്ടിയർമാർ, മരുന്നുകൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. തുടർ ചികിത്സയുടെ ഭാഗമായി ഗൃഹ കേന്ദ്രീകൃത പരിചരണത്തോടൊപ്പം ആവശ്യമായ കേസുകളിൽ വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശമനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പോളിസി പദ്ധതിയെ കുറിച്ചും ആലോചിക്കുന്നുണ്ട്.
എമിലിലെ പാലക്കുന്നിൽ ടവറിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ & സി എഫ് ഒ ഡോ എം എ അമീറലി പദ്ധതി വിശദീകരിച്ചു . പി ടി എച്ച് സംസ്ഥാന ട്രഷറർ വി എം ഉമ്മർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി, പി ടി എച്ച് സംസ്ഥാന സമിതി അംഗങ്ങളാം പി ഷമീമ ടീച്ചർ, ജയന്തി രാജൻ, അസീസ് കോറോം, ജില്ലാ ലീഗ് ഭാരവാഹികളായ പി കെ അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപറ്റ , അബ്ദുല്ല മാടക്കര മണ്ഡലം നേതാക്കളായ എം എ അസൈനാർ , സലിം മേമന, സി കെ ആരിഫ്, ഹംസ കടവൻ, സി ഹാരിസ്, എം മുഹമ്മദ് ബഷീർ, കെ കെ ഹനീഫ,സി എച്ച് ഫസൽ, ജാസർ പാലക്കൽ,റസീന അബ്ദുൽ ഖാദർ, കെ കെ സി മൈമൂന, കെ കെ അസ്മ , പി ടി എച്ച് തുടർ ചികിത്സാ ഉപസമിതി ഭാരവാഹികളായ കെ ടി കുഞ്ഞബ്ദുല്ല, അഹമ്മദ് മാസ്റ്റർ,പി കെ അഷ്റഫ്, അഡ്വ റഷീദ് പടയൻ, സലിം പാലക്കുന്നിൽ, സി കെ മുസ്തഫ,കെ കെ മുസ്തഫ, ഉസ്മാൻ വെള്ളമുണ്ട തുടങ്ങിയവർ സംബന്ധിച്ചു. ദുരന്ത നാളുകളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ ലോവീന മുഹമ്മദ്, സമദ് കണ്ണിയൻ, നൗഫൽ പാതാരി, സിബി, സിന്ധ്യ, ബിന്ദു, സബീന എന്നിവർക്കും ഹോം കെയർ വാഹനം, ഓഫീസ് സംവിധാനം എന്നിവ സംഭാവന നൽകിയ അഷ്താഖിനുമുള്ള ഉപഹാരം റഷീദലി തങ്ങൾ നൽകി. ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് സ്വാഗതവും പി ടി എച്ച് ജില്ലാ കൺവീനർ സമദ് കണ്ണിയൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *