August 20, 2026

പി.എം.ജി.എസ്.വൈ. പദ്ധതിയിൽ വയനാട്ടിലെ 300 റോഡുകൾക്ക് അംഗീകാരം: പ്രിയങ്കാ ഗാന്ധി എം.പി

0
IMG_20250625_215029
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയുടെ നാലാം ഘട്ടത്തിൽ വയനാട് ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 300 റോഡുകൾക്ക് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഏജൻസിയുടെ (എൻ.ആർ.ഐ.ഡി.എ) അംഗീകാരം ലഭിച്ചതായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധി അറിയിച്ചു. ജില്ലയിലെ 331 റോഡുകളാണ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റ് (പി.എം.ജി.എസ്.വൈ) അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്.

 

കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ. ഹാളിൽ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു എം.പി. വയനാട് ഗവ. മെഡിക്കൽ കോളേജ് ഭൂമി സംബന്ധിച്ച വിവരങ്ങൾ, കൽപ്പറ്റ കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ എന്നിവയും യോഗം ചർച്ച ചെയ്തു. കൽപ്പറ്റ ക്രിട്ടിക്കൽ കെയർ യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എം.പി. നിർദ്ദേശം നൽകി.

 

ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൻ്റെ കീഴിൽ സ്വന്തമായി സ്ഥലമുള്ളതും കെട്ടിടമില്ലാത്തതുമായ 25 അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ സി.എസ്.ആർ ഫണ്ട് കണ്ടെത്താൻ നടപടികൾ സ്വീകരിക്കുമെന്ന് എം.പി. യോഗത്തിൽ അറിയിച്ചു. സി.ആർ.ഐ.എഫ് ഫണ്ടിലുൾപ്പെടുത്തി നിർമ്മിക്കുന്ന ചെന്നലോട്-ഊട്ടുപാറ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുമെന്നും എം.പി. ഉറപ്പുനൽകി. പി.എം.എസ്.ജി.ഐ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന വെള്ളമുണ്ട-പുളിഞ്ഞാൽ റോഡിൻ്റെ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാനും നിർദ്ദേശിച്ചു.

 

ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഡെൽറ്റ റാങ്കിങ് മെച്ചപ്പെടുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും എം.പി. പറഞ്ഞു. അച്ചൂർ പാലം നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യം, പി.എം.എ.വൈ., പി.എം.ജി.എസ്.വൈ., മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകൾ നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

 

ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, അസിസ്റ്റൻ്റ് കളക്ടർ പി.പി. അർച്ചന, പ്രൊജക്ട് ഡയറക്ടർ സി.കെ. അജീഷ് ചെറിയ കോലോത്ത്, വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *