ആരോഗ്യമേഖലയിലെ അനാസ്ഥ: യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തി
മാനന്തവാടി: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥകൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്ന നിലവിലെ സാഹചര്യങ്ങൾക്കെതിരെ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം.
മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ തുക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനം നടക്കാത്തതിനാൽ ചികിത്സാ രംഗം താറുമാറായിരിക്കുകയാണ്. കൂടാതെ, ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപത്രികളിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതായും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ മാസങ്ങൾക്ക് മുമ്പേ ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉപകരണങ്ങളുടെ കുറവ് അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഗുരുതര പ്രശ്‌നങ്ങളുമായി എത്തുന്ന രോഗികളുടെ ശസ്ത്രക്രിയകൾ പോലും മാറ്റിവെക്കേണ്ടി വരുന്നത് അതീവ ഗൗരവതരമാണെന്ന് യൂത്ത് ലീഗ് പ്രസ്താവിച്ചു.
“ആരോഗ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ് ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തിയത്,” മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദാലി പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. നവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ സ്വാഗതവും വൈസ് പ്രസിഡന്റ് സമദ് കണ്ണിയൻ നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള, മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ പി.കെ. സലാം, സി.കെ. മുസ്തഫ, മണ്ഡലം ഭാരവാഹികളായ ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, അസീസ് വേങ്ങൂർ, ജലീൽ വാകേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാണ്ടിക്കാട്, ജലീൽ പടയൻ, ലുഖ്മാനുൽ ഹക്കീം വി.പി.സി, മോയിൽ കട്ടയാട്, ഹാരിസ് പുഴക്കൽ, കേളത്ത് അബ്ദുള്ള, പി.വി.എസ്. മൂസ, അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി എന്നിവർ സംസാരിച്ചു.





Leave a Reply