ഡാറ്റ എന്റോള്‍മെന്റ് ക്യാമ്പില്‍ 340 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി
കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഡാറ്റ എന്റോള്‍മെന്റ് ക്യാമ്പില്‍ 340 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി. ജൂലൈ 11 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാകുക. ഡാറ്റ എന്റോള്‍മെന്റ് ക്യാമ്പിന്റെ ആദ്യ ദിനത്തില്‍ 85 ഗുണഭോക്താക്കാളും, രണ്ടാം ദിനം 131 ഗുണഭോക്താക്കാളും അവസാന ദിവസം 120 ഗുണഭോക്താക്കളുമാണ് വിവരങ്ങള്‍ കൈമാറിയത്. ഇതോടെ ആകെ 340 ഗുണഭോക്താക്കള്‍ ക്യാമ്പിലൂടെ വിവരങ്ങള്‍ കൈമാറി.
ഡാറ്റാ എന്റോള്‍മെന്റ് പൂര്‍ത്തീകരണത്തിന് ശേഷം വിശദ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗുണഭോക്താകള്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാകുക.
അതിജീവിതരുടെ വ്യക്തിഗത രേഖകള്‍ പരിശോധിക്കലും ഐഡി കാര്‍ഡിനായുള്ള ഫോട്ടോ രേഖപ്പെടുത്തലുമാണ് ക്യാമ്പില്‍ നടന്നത്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്, റവന്യു വകുപ്പ്, കുടുംബശ്രീ മെന്റര്‍മാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥിരീകരണ നടപടിക്രമങ്ങള്‍ പരിശോധിച്ച ശേഷം കളക്ടറേറ്റിലെ എപിജെ ഹാളില്‍ സജ്ജീകരിച്ച 10 ഓളം അക്ഷയ സെന്ററുകള്‍ മുഖാന്തരമാണ് ഗുണഭോക്താക്കളുടെ ഫോട്ടോയും ഡാറ്റ എന്‍ട്രിയും ശേഖരിച്ചത്.
വിവരങ്ങള്‍ കൈമാറിയ കുടുംബങ്ങള്‍ക്ക് ജൂലൈ 25 നകംതിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതില്‍ ജില്ലാ ഭരണ കൂടത്തിന്റെ സാക്ഷ്യപ്പെടുത്തല്‍,ക്യു ആര്‍ കോഡ്, ഫാമിലി ഐഡി, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തും. ഒരു കുടുംബത്തിന് ഒരു കാര്‍ഡ് ആണ് നല്‍കുക. കാര്‍ഡില്‍ അര്‍ഹരായ കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തും.





Leave a Reply