ലിസ്റ്റില്‍ പേരുണ്ട് :വീട് നല്‍കില്ലെന്ന് പഞ്ചായത്ത്; പരാതിയുമായി കുടുംബം
കമ്പളക്കാട്: ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും പഞ്ചായത്ത് വീട് നല്‍കുന്നില്ലെന്ന പരാതിയുമായി കുടുംബം. കമ്പളക്കാട് കച്ചേരിക്കുന്ന് സ്വദേശി മധുവാണ് പിഎംഎവൈ സ്‌കീമിലും, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീട് ലഭിക്കാത്തത്. ഓട്ടിസം ബാധിച്ച മകളെയും കൊണ്ട് ചെറിയ ഷെഡ്ഡിലാണ് ഈ കുടുംബം ഇപ്പോള്‍ താമസം ഷെഡ് ഏതു നേരവും തകര്‍ന്നു വീഴാം എന്ന അവസ്ഥയിലാണ്. പത്തുവര്‍ഷത്തോളമായി മധുവും കുടുംബവും വീടിനായി ശ്രമിക്കുന്നത്.
പല തവണ അപേക്ഷ വെച്ചിട്ടും ഇതുവരെയും പാസായില്ല. എല്ലാ തവണയും ലിസ്റ്റില്‍ ഉണ്ടാകും. എന്നാല്‍ വീട് ലഭിക്കില്ല. ഇത് പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം ഉണ്ടായില്ല എന്നുള്ളതാണ് ഇവര്‍ പറയുന്നത്. മധുവിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകള്‍ക്ക് ജനിച്ചത് മുതല്‍ ഓട്ടിസം രോഗ ബാധിതയാണ്. ഇപ്പോള്‍ കുട്ടിക്ക് 27 വയസായി. അതിനാല്‍ തന്നെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ മകളെ ഒറ്റയ്ക്ക് ഇരുത്തി പോകുവാന്‍ ഇവര്‍ക്ക് പേടിയാണ്. പെട്രോള്‍ പമ്പിലാണ് മധുവിന് ജോലി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ സഹായമില്ലാതെ വീട് വെക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാമെന്ന അവസ്ഥയിലുള്ള ഈ ഷെഡ്ഡില്‍ മഴക്കാലം ഭയപ്പാടോടെയാണ് ഇവര്‍ തള്ളി നീക്കുന്നത്. എത്രയും വേഗം അടച്ചുറപ്പുള്ള ഒരു വീട് അനുവദിച്ചു തരണം എന്നാണ് മധുവിന്റെയും വീട്ടുകാരുടെയും ആവശ്യം.





Leave a Reply