പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് വഞ്ചന: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആരോപിച്ചു. പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതിലും, ക്ഷാമാശ്വാസം ഉൾപ്പെടെയുള്ള സാമ്പത്തികാനുകൂല്യങ്ങൾ തടഞ്ഞുവച്ചതിലും പ്രതിഷേധിച്ചുള്ള ദ്വിദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“തൊഴിലാളി പക്ഷ സർക്കാർ എന്ന് ആവർത്തിച്ച് പറയുന്ന ഭരണകൂടം, പെൻഷൻകാരുടെ ആനുകൂല്യങ്ങൾ വൈകിപ്പിച്ച് അവരെ സമരപ്പന്തലിൽ എത്തിക്കുന്നത് നീതീകരിക്കാനാവില്ല. പെൻഷൻ പരിഷ്കരണം നടത്താനുള്ള സമയപരിധി കഴിഞ്ഞിട്ടും സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,” അപ്പച്ചൻ പറഞ്ഞു.
നിലവിൽ ആറ് ഗഡുക്കളായി 18% ക്ഷാമാശ്വാസം സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനു മുമ്പ് പ്രഖ്യാപിച്ച മൂന്ന് ഗഡുക്കളുടെ 117 മാസത്തെ കുടിശ്ശികയും ഇതുവരെ അനുവദിച്ചിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനകരമല്ലാത്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് മിനിമം പെൻഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻകാരെയും ജീവനക്കാരെയും വഞ്ചിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് ഇ.റ്റി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. ശശികുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വിപിനചന്ദ്രൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണു ഗോപാൽ, എം. കീഴ്ശേരി, സണ്ണി ജോസഫ്, സംസ്ഥാന കൗൺസിലർമാരായ ടി.പി. ശശിധരൻ മാസ്റ്റർ, പി.കെ. സുകുമാരൻ, ടി.കെ. സുരേഷ്, എൻ.ഡി. ജോർജ്, വി.പി. പ്രേംദാസ് എന്നിവർ സംസാരിച്ചു. കെ.എൽ. തോമസ് നന്ദി രേഖപ്പെടുത്തി. സമരം നാളെയും തുടരും.





Leave a Reply