പാറക്കൽ-കമ്പളക്കാട് റോഡ്: അറ്റകുറ്റപ്പണികൾക്ക് ആവശ്യപ്പെട്ട് റാഫ്
മുട്ടിൽ : കല്പറ്റ-ബത്തേരി റോഡിലെ പാറക്കൽ മുതൽ ചെലഞ്ചിച്ചാൽ-കമ്പളക്കാട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിരവധിയായ കുഴികൾ കാരണം ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. കൈനാട്ടി-കമ്പളക്കാട് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങളെല്ലാം പാറക്കൽ-കമ്പളക്കാട് റോഡാണ് ആശ്രയിക്കുന്നത്.
ആറ് കിലോമീറ്ററോളം വരുന്ന ഈ റോഡിന്റെ മോശം അവസ്ഥ കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നു. കാൽനടയാത്രക്കാരും ഏറെ പ്രയാസത്തിലാണ്. ദിവസവും രാവിലെ മുതൽ രാത്രി വരെ 42 തവണ മൂന്ന് ലൈൻ ബസുകളും, പതിനഞ്ചോളം സ്കൂൾ ബസുകളും, നിരവധി ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്.
റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) വയനാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് സൈൻ, ജനറൽ സെക്രട്ടറി സജി മണ്ഡലം എന്നിവർ റോഡ് അടിയന്തരമായി നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.





Leave a Reply