മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി തുടർ ചികിത്സാ പദ്ധതി, പി ടി എച്ച് വളണ്ടിയർ സംഗമം നടത്തി
കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കുള്ള പൂക്കോയ തങ്ങൾ ഹോസ്പിസ് (പി ടി എച്ച്) തുടർ ചികിത്സാ പദ്ധതിയുടെ ഭാഗമായി ഹോം കെയർ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. കൽപറ്റ ഡബ്ല്യു എം ഒ ബാഫഖി ഹോമിൽ നടന്ന പരിപാടി പി ടി എച്ച് സംസ്ഥാന ട്രഷറർ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എച്ച് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ മുഖ്യാതിഥിയായിരുന്നു. ദുരന്തബാധിതർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഇത്രയേറെ ചേർത്തുപിടിച്ചതിന് സാന്ത്വന പരിചരണ ചരിത്രത്തിൽ മുൻമാതൃകകളില്ലെന്ന് അദ്ദേഹം പറഞ്ഞു. പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ. എം എ അമീറലി പദ്ധതി വിശദീകരിക്കുകയും ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും പി ടി എച്ച് സംസ്ഥാന സമിതി അംഗവുമായ ജയന്തി രാജൻ, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കൽപറ്റ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, സി ഹാരിസ്, അഹമ്മദ് മാസ്റ്റർ, അഡ്വ. റഷീദ് പടയൻ, മുബശ്ശിറ മൊയ്തു, സി കെ മുസ്തഫ, മൈമൂന കെ കെ സി, സലീം പാലക്കുന്നിൽ, ഹക്കീം വി പി, അഷ്റഫ് പി കെ, സി ഉസ്മാൻ, സിസ്റ്റർ സുമി എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. സമദ് കണ്ണിയൻ സ്വാഗതവും കെ ടി കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.
ദുരന്താനന്തര സഹായം; പി ടി എച്ചിൻ്റെ നാൾവഴികൾ
2024 ജൂലൈ 30-ന് മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തമുണ്ടായ ഉടൻ തന്നെ പി ടി എച്ച് ബത്തേരിയുടെ മെഡിക്കൽ ടീം രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെ മെഡിക്കൽ സേവനങ്ങളിലും ടീം സജീവമായിരുന്നു.
ദുരന്തത്തിനുശേഷം മുസ്ലിം ലീഗ് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുകയും തുടർ ചികിത്സയുടെ ഉത്തരവാദിത്തം പി ടി എച്ചിനെ ഏൽപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലായി 104 രോഗികളെ കണ്ടെത്തുകയും വിവരശേഖരണം നടത്തുകയും ചെയ്തു.
2024 സെപ്റ്റംബർ 29-ന് കേരളത്തിലെ 34 പി ടി എച്ച് യൂണിറ്റുകളെയും അണിനിരത്തി, ഡോക്ടർമാർ, നഴ്സുമാർ, സൈക്കോളജിസ്റ്റുകൾ, പരിശീലനം ലഭിച്ച വളണ്ടിയർമാർ എന്നിവരടങ്ങിയ സംഘം 104 രോഗികളുടെ വീടുകളിലെത്തി പരിചരണം നൽകി. പി ടി എച്ചിന്റെ ചരിത്രത്തിലെ ആദ്യത്തെ മെഗാ ഹോം കെയറായിരുന്നു ഇത്. തുടർ ചികിത്സക്കായി പാർട്ടി 25 ലക്ഷം രൂപ അനുവദിച്ചു.
2025 ജനുവരി 29-ന് തുടർ ചികിത്സാ ഹോം കെയറിനായി കൽപറ്റയിലെ ആർക്കിടെക്ട് അഷ്താഖ് തന്റെ പിതാവിന്റെ ഓർമ്മക്കായി നൽകിയ വാഹനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമർപ്പിച്ചു. തുടർന്ന്, 2025 ഫെബ്രുവരി 5-ന് അഷ്താഖ് നൽകിയ കെട്ടിടത്തിൽ പി ടി എച്ച് വയനാട് ജില്ലാ സമിതിയുടെയും തുടർ ചികിത്സാ പദ്ധതിയുടെയും ഓഫീസ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
2025 ഫെബ്രുവരി 6 മുതൽ തുടങ്ങിയ തുടർ ചികിത്സാ ഹോം കെയർ പദ്ധതി പ്രകാരം ഇന്നുവരെ 154 ദിവസങ്ങളിലായി 157 രോഗികളെ 684 തവണ സന്ദർശിച്ചു. ഇതിൽ 44 ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഡോക്ടർമാർ നേരിട്ട് സന്ദർശിച്ചു. കൂടാതെ, മരുന്നുകൾ ഉൾപ്പെടെ 569 തരം സേവനങ്ങൾ ഇവർക്ക് നൽകിയിട്ടുണ്ട്. കൽപറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ പി ടി എച്ച് വളണ്ടിയർമാരാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.





Leave a Reply