ഓണം സ്പെഷ്യൽ ഡ്രൈവ്: 195 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ
ബത്തേരി :ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇൻറലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അതിമാരക രാസ ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി നിധിൻ പി. മോനച്ചനാണ് 195.414 ഗ്രാം മെത്താംഫിറ്റാമിനുമായി എക്സൈസ് പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
വയനാട് അതിർത്തിപ്രദേശമായ പൊൻകുഴിയിൽവെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഗുണ്ടൽപേട്ടിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ നിധിനെ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി.
സന്തോഷ് കെ. ജെ.യുടെ നേതൃത്വത്തിലുള്ള സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി. കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി. വി, പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി. പി, അനീഷ്. എ. എസ്, വിനോദ്. പി. ആർ, പ്രകാശൻ കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ് എം. റ്റി, നിഷാദ്. വി. ബി, ഡ്രൈവർ പ്രസാദ്. കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എ. ജെ അറിയിച്ചു.





Leave a Reply